പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. കേന്ദ്ര നിയമപ്രകാരമാണ് നടപടി. സ്വത്തുക്കൾ വിൽപ്പന നടത്തി നിക്ഷേപകർക്ക് പണം മടക്കി നൽകുമെന്നാണ് സൂചന. അതേസമയം, തട്ടിപ്പുകേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ജനറൽ മാനേജർ അടക്കമുള്ളവർ ശ്രമിക്കുകയാണെന്നാണ് നിക്ഷേപകരുടെ ആരോപണം.

കോടികളുടെ തട്ടിപ്പു നടത്തിയ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും, നിക്ഷേപിച്ച തുക തിരികെ കിട്ടണം എന്നുമാണ് നിക്ഷേപകരുടെ ആവശ്യം. കേരളത്തിന് പുറത്ത് ഇപ്പോഴും പോപ്പുലർ ബാങ്കിന്റെ ശാഖകൾ പ്രവർത്തിച്ചിട്ടും കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നിക്ഷേപക കൂട്ടായ്മാ ഭാരവാഹികൾ ആരോപിച്ചു.

നിക്ഷേപക കൂട്ടായ്മയുടെ സമര പ്രഖ്യാപന കൺവെൻഷൻ വരും ദിവസങ്ങളിൽ ഉണ്ടാകും. കേസിലെ അഞ്ചാം പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ എല്ലാ പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ,  മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.

രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് വസ്തുവകകളുള്ളത്. തമിഴ്‌നാട്ടിൽ മൂന്നിടത്തായി 48 ഏക്കർ സ്ഥലം, ആന്ധ്ര പ്രദേശിൽ 22 ഏക്കർ, തിരുവനന്തുപുരത്ത് മൂന്ന് വില്ലകൾ, കൊച്ചിയിലും തൃശൂരിലും ആഡംബര ഫ്‌ളാറ്റുകൾ, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഓഫീസ് കെട്ടിടം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു.