തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിന് മന്ത്രിസഭാ അംഗീകാരം ലഭിച്ചേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ സർക്കാർ തീരുമാനമായി. ഇതിനുള്ള ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും.

കിടപ്പ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ തുടങ്ങിയവർക്കാണ് ഇത്തരത്തിൽ തപാൽ വോട്ടിന് അവസരം ലഭിക്കുക. പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. പോളിംഗ് സമയം വൈകിട്ട് അഞ്ചിൽ നിന്ന് ആറാക്കി ഉയർത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ഓർഡിനൻസ് കൊണ്ടുവരും.

വോട്ടെടുപ്പിന് തലേ ദിവസം ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് മന്ത്രിസഭ എത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാരണങ്ങളും കമ്മീഷൻ ഉത്തരവിന് അനുസരിച്ച് തീരുമാനം എടുക്കും.