പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയേക്കും

പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ പിന്നീട് നീക്കം ചെയ്യാന്‍ കഴിയുന്നതായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചാരവൃത്തിയും ഡാറ്റ ദുരുപയോഗവും സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് ഐടി മന്ത്രാലയം ഇതു സംബന്ധിച്ച്‌ പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

”പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ ചില സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇത് ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ദേശീയ സുരക്ഷയുടെ പ്രശ്നമാണ്”, ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പുതിയ നിയമത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഈ സര്‍ക്കാര്‍ നീക്കം പുതിയ ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് നീട്ടാനും സാംസങ്, ഷവോമി, വിവോ, ആപ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളെ നഷ്ടത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍, ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. പുതിയ നിയമങ്ങള്‍ പ്രകാരം, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ക്ക് ഒരു അണ്‍ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ നല്‍കേണ്ടിവരും. കൂടാതെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി അംഗീകരിച്ച ലാബില്‍ പുതിയ മോഡലുകള്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

നിലവിൽ മിക്ക സ്മാർട്ഫോണുകളിലും ഡിലീറ്റ് ചെയ്യാൻ കഴിയാത്ത പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകളാണുള്ളത്. ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷഓമിയുടെ ആപ്പ് സ്റ്റോർ ഗെറ്റ്ആപ്പ്സ്, സാംസങ്ങിന്റെ പേമെന്റ് ആപ്പ് ആയ സാംസങ് പേ മിനി, ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ സഫാരി ബ്രൗസർ തുടങ്ങിയവ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യാൻ പറ്റാത്ത തരത്തിലാണ് ഉള്ളത്.