Friday, December 9, 2022
HomeNewsKeralaപ്രിയ വർഗീസിന്റെ നിയമനം; യോഗ്യതയില്ലെന്ന് ഹൈക്കോടതി

പ്രിയ വർഗീസിന്റെ നിയമനം; യോഗ്യതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി. യുജിസി നിബന്ധനകള്‍ മറികടക്കാനാകില്ലെന്നും, യുജിസി റെഗുലേഷനാണ് പ്രധാനമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

വിധിപ്രസ്താവം വിശദമായി വായിക്കുകയാണ് ജഡ്ജിമാർ ചെയ്തത് . പ്രിയാ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്. ഹർജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഡോ. രാധാകൃഷ്ണന്റെ വാക്കുകൾ കടമെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പ്രസ്താവം നടത്തിയത്.

അധ്യാപകൻ വിളക്കാണ്. അനുഭവ പരിചയം ഉള്ള ആളാകണം അധ്യാപകനാകേണ്ടതെന്നും വിധിയിൽ പറയുന്നു. അക്കാദമിക് സ്കോർ കുറഞ്ഞ പ്രിയയെ നിയമിച്ചതിൽ സിലക്‌ഷൻ കമ്മിറ്റിയെയും കോടതി വിമർശിച്ചു. ‘‘പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ല. അസി. പ്രഫസർ തസ്തികയിൽ ആവശ്യമായ കാലം പ്രവർത്തിച്ചിട്ടില്ല. പിഎച്ച്ഡി ഗവേഷണം നടന്നപ്പോൾ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണകാലം ഡപ്യൂട്ടേഷനിലാണ്. ഇതും അധ്യാപന പരിചയമാകില്ല. സ്റ്റുഡന്റ് സർവീസ് ഡയറക്ടർ കാലയളവും അധ്യാപന പരിചയമാകില്ല.

ഗവേഷണകാലം പൂർണമായി ഗവേഷണത്തിന് വിനിയോഗിച്ചെന്ന് പ്രിയ സമ്മതിച്ചിട്ടുണ്ട്. സ്ക്രൂട്ടിനി കമ്മിറ്റി അക്കാദമിക യോഗ്യതയായി ഇവ പരിഗണിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. യുജിസി മാനദണ്ഡങ്ങൾ മറികടക്കാനില്ല.’’ – കോടതി വിധിയിൽ പറയുന്നു. അധ്യാപകർ രാഷ്ട്രനിർമാതാക്കളാണെന്ന് കോടതി നിരീക്ഷിച്ചു. ഇരുഭാഗത്തിന്റെയും വാദമുഖങ്ങൾ കോടതി വിശദീകരിച്ചു.

ഹൈക്കോടതിയുടെ വിമർശനത്തിനെതിരെ പ്രിയാ വർഗീസ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെ കോടതി വിമർശിച്ചിരുന്നു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണെന്നു കോടതി പറഞ്ഞു. കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓർക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. താനും എൻഎസ്എസിന്റെ (നാഷനൽ സർവീസ് സ്കീം) ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നാഷനൽ സർവീസ് സ്കീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടില്ല. കോടതിയിൽ സംഭവിച്ചത് കോടതിയിൽ തന്നെ നിൽക്കണമെന്നും കോടതി നിലപാടെടുത്തു.

എന്നാൽ, കോടതിയുടെ പരാമർശം പ്രിയയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസം, ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നതിനു മറുപടിയായാണ് ‘നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്ന് പ്രിയ പോസ്റ്റിട്ടത്. പ്രിയാ വർഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ പോയതും അധ്യാപനം ആകില്ലെന്നാണു ഹർജിയിലെ വാദം. എന്നാൽ, ഇതു രണ്ടും അധ്യാപന പരിചയത്തിൽ കണക്കാക്കാമെന്നും സ്റ്റുഡന്റ്സ് ഡയറക്ടർ ആയിരിക്കെ എൻഎസ്എസ് കോ ഓർഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും പ്രിയയുടെ അഭിഭാഷകൻ വാദിച്ചു.

ഡപ്യൂട്ടേഷൻ കാലത്തും സ്റ്റുഡന്റ് ഡയറക്ടർ ആയിരുന്നപ്പോഴും പഠിപ്പിച്ചിട്ടുണ്ടോ, എൻഎസ്എസ് കോ ഓർഡിനേറ്ററുടെ ചുമതല അധ്യാപന പരിചയമായി അപേക്ഷയിൽ കാണിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച കോടതി സ്ക്രീനിങ് കമ്മിറ്റിക്കു മുന്നിൽ വ്യക്തമാക്കാത്ത യോഗ്യത കോടതിയിൽ ഉന്നയിക്കരുതെന്നും പറഞ്ഞു.

അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർ‌ക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.

Most Popular