Saturday, July 24, 2021
Home News National രാജ്യസഭയിലെ പ്രതിഷേധം: എട്ട് എം പിമാർക്ക് സസ്പെൻഷൻ; തളർത്താനാവില്ലെന്ന് എളമരം കരീം

രാജ്യസഭയിലെ പ്രതിഷേധം: എട്ട് എം പിമാർക്ക് സസ്പെൻഷൻ; തളർത്താനാവില്ലെന്ന് എളമരം കരീം

ന്യൂഡൽഹി: വിവാദമായ കാർഷിക ബിൽ ചർച്ചക്കിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എം പിമാരെ സസ്പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള എം പിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവരും സസ്പെൻഷനിലായവരിൽ ഉൾപ്പെടും. ഇവർക്കു പുറമെ സഞ്ജയ് സിംഗ്, രാജു സതാവ്, ഡെറിക് ഒബ്രിയാൻ, റിപ്പുൻ ബോര, ദോള സെൻ, സെയ്ദ് നാസർ ഹുസൈൻ എന്നിവരാണ് നടപടിക്ക് വിധേയരായത്.

കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. ബിജെപി എംപിമാരുടെ പരാതിയിൽ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവാണ് നടപടി സ്വീകരിച്ചത്.

കാർഷിക ബില്ലുകൾ സഭയിൽ ചർച്ച ചെയ്യുന്നതിനിടെ തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്ന് ഒബ്രിയാൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. ഡെറിക് ഒബ്രിയാനോട് ഇന്ന് സഭ ചേർന്നയുടൻ തന്നെ പുറത്തുപോകാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. സഭയിൽ ഇന്നലെ നടന്ന കാര്യങ്ങൾ നിർഭാഗ്യകരമാണെന്നും രാജ്യസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി എളമരം കരീം. സസ്പെൻഷൻ ചെയ്ത് തങ്ങളെ നിശബ്ദരാക്കാനാവില്ലെന്നും കർഷകരുടെ പോരാട്ടത്തിനൊപ്പം ചേർന്ന് നിൽക്കുമെന്നും എളമരം കരീം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപം: ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരും.

Most Popular