മൂന്നാര്‍: ഇടുക്കി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്നലെ പെട്ടിമുടി പുഴയില്‍ നിന്ന് ലഭിച്ച ആറ് മൃതദേഹങ്ങള്‍ ഉള്‍പ്പെടെ മരണസംഖ്യ 49 ആയി. പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പെട്ടിമുടി പുഴ കേന്ദ്രീകരിച്ച് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
നൂറിലേറെ വരുന്ന പോലീസും അഗ്‌നിശമന സേനാ ജീവനക്കാരും അമ്പതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണസേന സംഘവും സംയുക്തമായാണ് തിരച്ചില്‍ ഏകോപിപ്പിക്കുന്നത്. ഇവര്‍ക്ക് കോവിഡ് പരിശോധന ഉള്‍പ്പെടെ നടത്തിയാണ് നടപടികള്‍ പുരോഗമിക്കുന്നത്.
പെട്ടിമുടിയില്‍ അപകടത്തില്‍ പെട്ടവര്‍ ഭൂരിഭാഗവും തമിഴ് വംശജരായതിനാല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അതിര്‍ത്തി കടന്നെത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ ശരീരോഷ്മാവ് പരിശോധന മാത്രമാണ് നടത്തുന്നത്. ഈ സാഹചര്യം മേഖലയില്‍ കോവിഡ് വ്യാപന ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അതിനാല്‍ ആളുകള്‍ അനാവശ്യമായി ദുരന്ത ഭൂമി സന്ദര്‍ശിക്കരുതെന്ന് മന്ത്രി എം എം മണി ആവശ്യപ്പെട്ടു. പെട്ടിമുടിയില്‍ തിരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കിയത്.