രാജമല മണ്ണിടിച്ചിൽ: തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു; ഇതു വരെ ലഭിച്ചത് 65 മൃതദേഹങ്ങൾ

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തമുണ്ടായ അന്നു തുടങ്ങി തുടർച്ചയായി പത്തൊമ്പത് ദിവസമാണ് തിരച്ചിൽ നടത്തിയത്. ആഗസ്റ്റ് ആറിന് രാത്രിയാണ് നാല് ലയങ്ങളിലെ 30 വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഇതു വരെ നടത്തിയ തിരച്ചിലിൽ 65 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനി അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്.

പെട്ടിമുടിയിലൂടെ കടന്ന് പോവുന്ന ചിന്നാറിലെ ജലനിരപ്പ് ഉയർന്നതും ആധുനിക സംവിധാനങ്ങളുൾപ്പെടെ ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നതും തിരച്ചിൽ അവസാനിപ്പിക്കാൻ കാരണമായിട്ടുണ്ട്. ദിനേഷ് കുമാർ (20), റാണി (44), പ്രിയദർശിനി (7), കസ്തൂരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

മൂന്നാറിൽ ചേർന്ന അവലോകന യോഗത്തിന്റെ പശ്ചാത്തലത്തിലാണ് തിരച്ചിൽ നിർത്തുന്നത്. സംയുക്ത തിരച്ചിൽ സംഘം ഇന്ന് മടങ്ങുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, പെട്ടിമുടിപ്പുഴയിലെ ഒഴുക്കു കുറഞ്ഞ ശേഷം അഗ്‌നിരക്ഷാസേന, വനം വകുപ്പ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് ദേവികുളം സബ് കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു.

ചരിത്രത്തിൽ ഇതുവരെ ചെറിയ മണ്ണിടിച്ചിൽ പോലും രേഖപ്പെടുത്താത്ത കണ്ണൻദേവൻ പ്ലാന്റേഷന്റെ ഭാഗമായ പെട്ടിമുടി മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ കാരണം വിശദമായി പഠന വിധേയമാക്കണമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. പെട്ടിമുടിയുടെ പരിസരങ്ങളിൽ ക്വാറികൾ പ്രവർത്തിക്കുന്നില്ല. ഒരു നൂറ്റാണ്ടിലേറിയെയായി പ്ലാന്റേഷൻ നിലനിൽക്കുന്ന ഇവിടം ഉറപ്പുള്ള മണ്ണുമാണ്. ഈ സാഹചര്യത്തിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്നും വിദഗ്ധർ സൂചന നൽകുന്നു.

വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടാകുക. പ്രദേശത്ത് ആഗസ്റ്റ് തുടക്കത്തിൽ രേഖപ്പെടുത്തിയ ശക്തമായ മഴ ഇതിനു സമാനമായിരുന്നു. രണ്ടായിരം മില്ലി മീറ്ററിൽ കൂടുതൽ മഴയാണ് ഈ ദിവങ്ങളിൽ പ്രദേശത്ത് രേഖപ്പെടുത്തിയത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ദിവസം മാത്രം പെട്ടിമുടിയിൽ പെയ്തത് 612 മില്ലി മീറ്റർ മഴയാണ്.