ഇഫ്താര്‍ ടെന്റുകള്‍ സജീവമായതിന്റെ സന്തോഷത്തില്‍ വിശ്വാസികള്‍

ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്.

ദോഹ: വിശുദ്ധ റമദാനില്‍ ഖത്തറില്‍ ഇഫ്താര്‍ ടെന്റുകള്‍ സജീവമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍. ലോകത്ത് കോവിഡ്-19 മഹാമാരിയുടെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും ഈ വര്‍ഷം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കോവിഡ് കാലത്തെ റമദാനില്‍ വിശ്വാസികള്‍ പൂര്‍ണമായും വീടുകളിലാണ് മതാചാരങ്ങള്‍ അനുഷ്ഠിച്ചത്.

മസ്ജിദ് അധികൃതരാണ് ഇഫ്താര്‍ ടെന്റുകള്‍ നടത്തുന്നത്. വിശാലമായ ഇഫ്താര്‍ ടെന്റുകളില്‍ വിശ്വാസികള്‍ക്ക് ഭക്ഷണം കഴിക്കാനും രാത്രിയിലെ പ്രത്യേക റമദാന്‍ പ്രാര്‍ഥനയ്ക്കു മുമ്പു വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കുന്നു. പ്രവാസികള്‍ക്ക് ഇഫ്താര്‍ ടെന്റുകള്‍ വലിയ ആശ്വാസമാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന സവിശേഷതകളിലൊന്നാണ് റമദാനിലെ ഇഫ്താര്‍ ടെന്റുകള്‍. 2021-22ല്‍ കൊറോണ പ്രോട്ടോക്കോള്‍ നിലനിന്നിരുന്നപ്പോള്‍ ഇസ്ലാമിക കാര്യമന്ത്രാലയവും സ്ഥാപനങ്ങളും സ്വകാര്യസംഘടനകളും ഭക്ഷണം പൊതികളിലാക്കി വിശ്വാസികള്‍ക്കു വിതരണം ചെയ്യുകയായിരുന്നു.

ദിവസവും പതിനായിരത്തോളം നോമ്പുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പത്തോളം ഇഫ്താര്‍ ടെന്റുകളാണു സജ്ജമാക്കിയിരിക്കുന്നത്. രാജ്യത്തെ രണ്ടായിരത്തിലധികം മസ്ജിദുകളില്‍ വിശ്വാസികള്‍ക്കു പ്രാര്‍ഥനയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

120-ാളം പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു.