മുംബൈ: സമൂഹ മാധ്യമത്തില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടർന്ന് നടന് രണ്‍വീര്‍ സിങ്ങിനെതിരെ മുംബൈയില്‍ കേസെടുത്തു.
സമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതിനാല്‍ നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കിഴക്കന്‍ മുംബൈയിലെ ചെമ്ബൂര് പൊലീസ് സ്റ്റേഷനില്‍ ഒരു സന്നദ്ധ സംഘടനയുടെ ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ഒരു അഭിഭാഷകനും നടനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
ഒരു മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് കാമറക്ക് മുന്നില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്.
ഫോട്ടോകള്‍ രണ്‍വീര്‍ വ്യാഴാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. പലരും ആവിഷ്കാര സ്വാതന്ത്ര്യമെന്ന് വിലയിരുത്തിയപ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന മറുപടിയുമായും ആളുകള്‍ രംഗത്തുവന്നു.