Tuesday, January 25, 2022
HomeNewsKeralaകന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് പൊട്ടിക്കരഞ്ഞുകൊണ്ടാരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ പ്രതികരണം. കോടതി വളപ്പിൽ വച്ച് കൈ കൂപ്പുകയും കാറിൽ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകളിലേക്ക് ഉയർത്തി കാണിക്കുകയും മാത്രമാണ് ഫ്രാങ്കോ ചെയ്തത്.

അതേസമയം ബലാത്സംഗ കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാൻ സാധിക്കാത്തതെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം മുൻ എസ് പി ഹരിശങ്കർ വ്യക്തമാക്കി . ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു . സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും ആവർത്തിച്ചു. കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ആദ്യ പ്രതികരണം. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Most Popular