Monday, September 26, 2022
HomeNewsKeralaസംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ആദ്യം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും, പത്ത് മണിയോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 12 മണിയോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കുമരകത്താണ് കഴിഞ്ഞ 12 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത്. 148.5 മില്ലീമീറ്റർ. റെഡ് അലർട്ടിന് സമാനമായ മഴയാണ് ഇത്.

പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി. മുൻ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല.

എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കലൂർ അടക്കമുള്ള സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ട് . കലൂർ സ്റ്റേഡിയം റോഡ് വെള്ളത്തിൽ മുങ്ങി.കലൂർ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു ഹൈക്കോടതിക്കു മുന്നിലും വലിയ വെള്ളക്കെട്ട് ഉണ്ട്. അതേസമയം പെരിയാർ അടക്കമുള്ള പുഴകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല

ആലപ്പുഴയിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ  കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ  വെള്ളത്തിന്റെ വരവും കൂടി . എന്നാൽ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയിട്ടില്ല. നീരേറ്റുപുറം, കാവാലം, നെടുമുടി, ചമ്പക്കുളം മങ്കൊമ്പ്, പള്ളാത്തുരുത്തി, വീയപുരം, പള്ളിപ്പാട് മേഖലകളിലാണ് ജലനിരപ്പ് ഉയർന്നത്.

Most Popular