റിപ്ലബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം അതീവ ജാഗ്രതയില്‍; ട്രാക്ടര്‍ റാലിയും നാളെ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം അതീവ ജാഗ്രതയില്‍. രാജ്പഥിലെ പരേഡിന് പിന്നാലെ ട്രാക്ടര്‍ റാലിയും നടക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കേന്ദ്ര പൊലീസ് റിസര്‍വിലെ സേനാംഗങ്ങളെ മുഴുവന്‍ നഗരത്തില്‍ വിന്യസിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രിതമായ രീതിയിലാണ് ഇത്തവണ പരേഡ്.

കോവിഡ് ചുരുക്കിയ പരേഡും പിന്നാലെ ട്രാക്ടര്‍ റാലിയും. 72-ാം റിപ്പബ്ലിക് ദിനാഘോഷം ചരിത്രത്തില്‍ പ്രത്യേകം രേഖപ്പെടുത്തപ്പെടും. സമാനതകളില്ലാത്ത സാഹചര്യം നേരിടാന്‍ രാജ്യതലസ്ഥാനം കര്‍ശന സുരക്ഷാവലയത്തിലാണ്. ഡല്‍ഹി പൊലീസിലെ 67,000 പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗരൂകരായി നിലയുറപ്പിച്ചിരിക്കുന്നു. ഇതിന് പുറമേ അര്‍ധസൈനികവിഭാഗങ്ങളും. മെട്രോകളില്‍ യാത്രക്കാരെ കയറ്റുന്നത് മൂന്നു പരിശോധനകള്‍ക്കു ശേഷമാണ്. പരേഡ് കഴിഞ്ഞാലുടന്‍ ട്രാക്ടര്‍ റാലി നടക്കുന്ന ഇടങ്ങളിലേക്ക് പോകണമെന്നാണ് സേനാംഗങ്ങള്‍ക്കുള്ള നിര്‍ദേശം.

റിപ്പബ്ലിക് ദിന പരേഡ് എന്ന രാജ്യത്തെ ഏറ്റവും പ്രൗഡഗംഭീര ചടങ്ങ് കോവിഡിന് മുന്‍പില്‍ വഴിമാറിയിട്ടില്ലെങ്കിലും ഇത്തവണ പ്രത്യേതകള്‍ ഏറെയാണ്. വിദേശ അതിഥിയായി പങ്കെടുക്കേണ്ടിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യാത്ര റദ്ദാക്കിയ പശ്ചാത്തലത്തില്‍ പരേഡ് വീക്ഷിക്കാന്‍ 55 വര്‍ഷത്തിന് ശേഷം അതിഥിയില്ല.

മുന്‍വര്‍ഷങ്ങളില്‍ ഒന്നരലക്ഷം ആളുകള്‍ പരേഡ് കാണാനെത്തിയിരുന്നെങ്കില്‍ ഇത്തവണ സന്ദര്‍ശക പാസ് 25,000 ആയി ചുരുക്കി. വിജയ്ചൗക്കില്‍നിന്ന് ചെങ്കോട്ട വരെയുണ്ടായിരുന്ന പരേഡ് ഇത്തവണ ഇന്ത്യാ ഗേറ്റില്‍ സമാപിക്കും. മോട്ടോര്‍ സൈക്കിള്‍ അഭ്യാസപ്രകടനവും വിമുക്തഭടന്മാരുടെ മാര്‍ച്ചും ഒഴിവാക്കി. എന്നാല്‍, വിവിധ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിന്റെ നിശ്ചലദൃശ്യം രണ്ടുവര്‍ഷത്തിന് ശേഷം രാജ്പഥിലൂടെ രാജകീയമായി നീങ്ങും.