കാസർകോട്: മലയാളി വ്ലോഗറും ആൽബം താരവുമായ റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിനോട് അടിയന്തിരമായി ഹാജരാകാൻ നിർദേശം. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി ആണ് മെഹ്നാസിൻ്റെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാൻ ആയിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുക ആയിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിൽ ആണെന്നാണ് വീട്ടുകാർ നൽകിയ വിവരം
മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ആണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിന് കൈമാറിയേക്കും.
റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത മാറാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും തുടർന്നുളള അന്വേഷണത്തിൽ തീരുമാനമെടുക്കുകയെന്ന് അന്വേഷണ സംഘത്തലവൻ താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു.
റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെതുടർന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു
ശരീരത്തിൽ വിഷപദാർത്ഥങ്ങളുടെതുൾപ്പെടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കണം. വിഷം ശരീരത്തിനുള്ളിലുണ്ടെങ്കിൽ
മൃതദേഹത്തിൽ നിറവ്യത്യാസമുൾപ്പെടെയുണ്ടാകും. എന്നാൽ മറവ് ചെയ്ത് മാസങ്ങളായതാൽ ഇത് കണ്ടെത്താൻ ഇനി രാസപരിശോധനയെ ആശ്രയിക്കുക മാത്രമാണ് വഴി. ശ്വാസം മുട്ടിയുളള മരണത്തിന്റെ വിവിധ സാധ്യതകളെക്കുറിച്ചും പരിശോധന നടക്കും.നിലവിൽ മെഹനാസിനെതിരെ ആത്മഹത്യ പ്രേരണയുൾപ്പെടെയുളള വകുപ്പുകൾ ചേർത്ത് കേസ്സെടുത്തിട്ടുണ്ട്.
മാർച്ച് ഒന്നിനാണ് ദുബൈയിലെ ഫ്ലാറ്റിൽ റിഫയേ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ മൃതദേഹം നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവുചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചു തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്.