Monday, May 23, 2022
HomeNewsInternationalറൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കി; പകരക്കാരനായി സാവി എത്തിയേക്കും

റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കി; പകരക്കാരനായി സാവി എത്തിയേക്കും

ബാഴ്സലോണ: തുടർതോൽവികളിൽ നിന്ന് ടീമിനെ കരകയറ്റാൻ കഴിയാത്ത സാഹചര്യത്തിൽ പരിശീലകൻ റൊണാൾഡ് കോമാനെ പുറത്താക്കി സ്പാനിഷ് ക്ലബ്ബ് എഫ്.സി ബാഴ്സലോണ. ക്ലബ്ബിന്റെ ഇതിഹാസ താരമായ സാവി ഹെർണാണ്ടസ് കോമാന് പകരക്കാരനായേക്കും. കഴിഞ്ഞ സീസണിലാണ് ഡച്ച് പരിശീലകൻ കോമാൻ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റത്. കഴിഞ്ഞ സീസണിൽ ലയണൽ മെസിയുമായി പോലും നല്ല ബന്ധം സ്ഥാപിക്കാൻ കോമാന് കഴിഞ്ഞിരുന്നില്ല.

 

റയോ വല്ലക്കാനോയുമായുള്ള മത്സരത്തിൽ തോറ്റതോടെ പോയിന്റ് പട്ടികയിൽ ടീം ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെയാണ് കോമാനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്.

 

അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ക്ലബ്ബിന് ജയിക്കാനായത്.

 

ടീമിന്റെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത പോലും സംശയത്തിലാണ്. ഞായറാഴ്ച നടന്ന എൽ ക്ലാസിക്കോയിൽ റയലിനോട് തോറ്റപ്പോൾ തന്നെ കോമാന്റെ കാര്യത്തിൽ ഏകദേശ തീരുമാനം ബാഴ്സ കൈക്കൊണ്ടിരുന്നു.

 

 

കോമാന് പകരക്കാരനാകാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്ന സാവി നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനാണ്. ഇടക്കാല പരിശീലകനായി ബി ടീം കോച്ച് സെർജി ബാറുവാനെ നിയമിതനാകും. ബാഴ്സയുടെ മുൻ പ്രസിഡന്റ് ബാർതമ്യൂവാണ് കോമാനെ പരിശീലകനായി നിയമിച്ചത്. ആദ്യ സീസണിൽ കോപ്പ ഡെൽ റേ കിരീടം നേടാനും ഒപ്പം മെസിയെ ഒരു സീസൺ കൂടി പിടിച്ച് നിർത്താൻ കഴിഞ്ഞതും കോമാന്റെ നേട്ടങ്ങളായിരുന്നു.

 

എന്നാൽ

പിന്നീടങ്ങോട്ട് ബാഴ്സയ്ക്കും കോമാനും അത്ര നല്ല കാലമായിരുന്നില്ല. ടീം കടന്ന് പോകുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ്. കോമാൻ കൈയൊഴിഞ്ഞ ലൂയി സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിനായി മികച്ച പ്രകടനം നടത്തുന്നു. ചെറിയ ടീമുകളോട് പോലും ബാഴ്സ വിയർക്കുകയും വലിയ എതിരാളികളോട് നാണംകെട്ട രീതിയിൽ തോൽക്കുകയും ചെയ്യുന്നു. ബാഴ്സ നേരിടുന്ന ഈ പ്രതിസന്ധികൾക്കൊന്നും കോമാന്റെ കൈയിൽ പരിഹാരമുണ്ടായിരുന്നില്ല. ഇതാണ് കോമാ നെ പുറത്താത്താക്കാൻ ടീം അധികൃതരെ പ്രേരിപ്പിച്ചത്.

Most Popular