തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങി ഓടി

തൃശൂര്‍: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒരുമനയൂര്‍ കരുവാരക്കുണ്ടിലാണ് സംഭവം. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. കാറിന്റെ മുന്‍വശം കത്തിയമര്‍ന്നു. കാറിന്റെ മുന്‍വശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് യാത്രക്കാര്‍ ഇറങ്ങിയോടിയത്. സംഭവം നടന്നത് ഇന്നലെ രാത്രി 10 മണിക്കായിരുന്നു. തൃശൂര്‍ മാപ്രാണം സ്വദേശികള്‍ സഞ്ചരിച്ച കാറിലാണ് തീപിടുത്തമുണ്ടായത്. കാറിൽ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാര്‍ വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.