യുക്രെയിനിലെ മരിയുപോളില്‍ റഷ്യ കൂറ്റന്‍ സൈനിക താവളം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്

കീവ് : കിഴക്കന്‍ യുക്രെയിനിലെ തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യ കൂറ്റന്‍ സൈനിക താവളം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലാണ് മരിയുപോള്‍ നഗരം. അമേരിക്കന്‍ കമ്ബനിയായ മാക്സര്‍ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ നഗര മദ്ധ്യത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കൂറ്റന്‍ സൈനിക താവളം കാണാം. റഷ്യന്‍ സൈന്യത്തിന്റെ ചുവപ്പ്, വെള്ള, നീല നിറത്തിലെ നക്ഷത്ര ചിഹ്നം കൂറ്റന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കാണാം. ‘ മരിയുപോളിലെ ജനങ്ങള്‍ക്കായി റഷ്യന്‍ സൈന്യത്തിന്റേത് ” എന്ന വാചകവും കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് വലുതായി എഴുതിയിട്ടുണ്ട്.

നിലവില്‍ ഇവിടം ആയുധ ശേഖരണ കേന്ദ്രമായി ഉപയോഗിക്കുകയാണെന്ന് കരുതുന്നു. അതേ സമയം, പോരാട്ടത്തിന്റെ ആദ്യ നാളുകളില്‍ വിനാശകരമായ ദുരിതമാണ് മരിയുപോള്‍ ജനത നേരിട്ടത്. നിരവധി പേര്‍ ഇവിടെ കൊല്ലപ്പെട്ടു. മരിയുപോളിന്റെ പടിഞ്ഞാറന്‍ ഭാഗത്തുണ്ടായിരുന്ന സ്റ്റാറോക്രൈംസ്കീ സെമിത്തേരി ഗണ്യമായി വികസിച്ചതായും ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

മരിയുപോളില്‍ 25,000 സാധാരണക്കാരെങ്കിലും മരിച്ചിരിക്കാമെന്നാണ് യുക്രെയിന്റെ കണക്കുകൂട്ടല്‍. 1,300 മരണങ്ങളാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് ( യു.എന്‍ ) സ്ഥിരീകരിക്കാനായത്. എന്നാല്‍ ശരിക്കും ഇത് ആയിരക്കണക്കിന് ആകാമെന്ന് യു.എന്‍ വ്യക്തമാക്കിയിരുന്നു. ക്രൈമിയയേയും റഷ്യയേയും ബന്ധിപ്പിക്കുന്ന കര ഇടനാഴിയുടെ ഭാഗമെന്നതിനാല്‍ മരിയുപോള്‍ റഷ്യന്‍ സൈന്യത്തിന് ഏറെ തന്ത്രപ്രധാനമാണ്.