Thursday, September 16, 2021
Home Special GM Talkies എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം (74) അന്തരിച്ചു. ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ 1.04നായിരുന്നു അന്ത്യമെന്ന് മകൻ ചരൺ അറിയിച്ചു. നേരിയ കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സെപ്തംബർ ഏഴിന് കോവിഡ് മുക്തനായെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

ആഗസ്റ്റ് 13നും ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും വിധേയനാക്കി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്തംബർ 19ന് അദ്ദേഹത്തിന്റെ മകൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

എസ് പി ബിയുടെ സഹോദരി എസ് പി ഷൈലജ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്. എംജിഎം ഹെൽത്ത് കെയർ ആശുപത്രി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടം പേട്ടയെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1949 ജൂലൈ നാലിനാണ് എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യം ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ് പി സമ്പാമൂർത്തിയായിരുന്നു ബാലുവിന്റെ ആദ്യഗുരു. ഹാർമോണിയവും ഓടക്കുഴലും വായിക്കാൻ പഠിപ്പിച്ചതും പിതാവ് തന്നെ. മദ്രാസ് കേന്ദ്രമാക്കി ഒരു തെലുങ്ക് സാംസ്‌കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി എസ് പി ബി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങൾ തേടിയെത്തി.

1966ൽ റിലീസ് ചെയ്ത ശ്രീശ്രീശ്രീ മര്യാദരാമണ്ണയാണ് എസ് പി ബി പാടിയ ആദ്യ ചിത്രം. പിന്നീട് ഇതുവരെയുള്ള സംഗീത ജീവിതത്തിൽ 40,000 ത്തിനടുത്ത് ഗാനങ്ങൾ ആലപിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ അഞ്ച് പ്രമുഖ ഭാഷകളിലും പാടി. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ പിന്നണി ഗായകനെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിലും അദ്ദേഹത്തിന്റെ പേരെത്തി.

Most Popular