Wednesday, June 23, 2021
Home News International അമേരിക്കയിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ അന്തരിച്ചു; കൊന്നത് 93 പേരെ

അമേരിക്കയിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ അന്തരിച്ചു; കൊന്നത് 93 പേരെ

വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ജയിലില്‍ വെച്ചാണ് സാമുവല്‍ മരിക്കുന്നത്. ഇയാള്‍ മരിച്ചതായി ജയില്‍ അധികൃതരെ ഉദ്ധരിച്ച് എഫ്.ബി.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

2014 മുതല്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സാമുവല്‍. ബുധനാഴ്ച രാവിലെയായിരുന്നു മരണം. 93 പേരെയാണ് 1970 മുതല്‍ 2005 വരെയുള്ള 35 വര്‍ഷത്തിനിടെ സാമുവല്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.

വര്‍ഷങ്ങളോളം കൊലയാളി അജ്ഞാതനായിരുന്നു. മയക്കുമരുന്ന് കേസില്‍ 2012-ല്‍ പിടിയിലാകുന്നതോടെയാണ് കൊലപാതക പരമ്പര പുറത്തറിയുന്നത്.

മുന്‍ ബോക്സര്‍ കൂടിയായ സാമുവല്‍ കൊലപ്പെടുത്തിയതില്‍ അധികവും മയക്കുമരുന്നിന് അടിമപ്പെട്ടവരെയും ലൈംഗിക തൊഴിലാളികളെയുമായിരുന്നു. ഇതില്‍ കൊല്ലപ്പെട്ട സ്ത്രീകളില്‍ മിക്കവരെയും തിരിച്ചറിയാന്‍ പോലും സാധിക്കുമായിരുന്നില്ല.

കൊലപ്പെടുത്തിയവരുടെ വിവരങ്ങള്‍ സാമുവലിന് മനപാഠമായിരുന്നു. മിക്ക കേസുകളിലും സാമുവലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നത്.

മര്‍ദ്ദിച്ച് അവശയാക്കിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതായിരുന്നു സാമുവലിന്റെ രീതി. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഒന്നും വരുത്തിയിരുന്നില്ല.

ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു സാമുവലിനെ ഇത്രയധികം കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാരും പരാതിയുമായി എത്തില്ലെന്നും സാമുവല്‍ കരുതിയിരുന്നു. ബോക്സിങ് മുന്‍ താരമായിരുന്ന ഇയാളുടെ യഥാര്‍ഥ പേര് സാമുവല്‍ മക്ഡൊവല്‍ എന്നാണ്.

Most Popular