ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സിന്റെ നായകനാകും. രാജസ്ഥാന് റോയല്‍സ് സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ശക്തരായ മുംബൈ, ഡല്‍ഹി ടീമുകളെ തകര്‍ത്തത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലാണ്.
ഇതുവരെ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാന് റോയല്‍സ് ട്വീറ്റ് ചെയ്തു. ഇത്തവണ കോവിഡ് വ്യാപനം നിമിത്തം യുഎഇയില്‍ നടന്ന ഐപിഎല്‍ 13-ാം സീസണില്‍ രാജസ്ഥാന് റോയല്‍സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിര്‍ത്തുമെന്നും രാജസ്ഥാന് റോയല്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും.
ടീം ഇന്ത്യയില്‍ പുതുമുഖമാണെങ്കിലും രാജസ്ഥാന് റോയല്‍സിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യന്‍ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് താരത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഐപിഎലില്‍ ദീര്‍ഘകാലമായി രാജസ്ഥാന് റോയല്‍സിന്റെ താരമാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്. രാജസ്ഥാന് റോയല്‍സിനെ നയിക്കാനുള്ള പുതിയ ഉത്തരവാദിത്തം ബഹുമതിയായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു.
‘രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായുള്ള നിയമനം യഥാര്‍ഥത്തില്‍ ഒരു ബഹുമതി തന്നെയാണ്. എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമാണിത്. ദീര്‍ഘകാലം ഈ ടീമിനായി കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനൊപ്പമുള്ള പുതിയ വെല്ലുവിളികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു’ – സഞ്ജു പറഞ്ഞു.
‘രാജസ്ഥാന് റോയല്‍സില്‍ ഇതിഹാസ തുല്യരായ ഒട്ടേറെ ക്യാപ്റ്റന്മാര്ക്കു കീഴില്‍ കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, ഷെയ്ന് വാട്സന്, അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവര്‍ക്കൊപ്പം കളിക്കാനും അവരില്‍നിന്ന് പഠിക്കാനും കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു. ഇനി പുതിയ സീസണിനായി കാത്തിരിക്കുന്നു’ – സഞ്ജു പറഞ്ഞു.