ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി-സിറിയ ചര്‍ച്ച

റിയാദ്: സൗദി അറേബ്യയും സിറിയയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഊര്‍ജിതമാക്കിയതായി റിപ്പോര്‍ട്ട്. എംബസികളും കോണ്‍സുലാര്‍ സേവനങ്ങളും വീണ്ടും ആരംഭിക്കാന്‍ സൗദി-സിറിയ വിദേശകാര്യ മന്ത്രാലയങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് റഷ്യയാണു മാധ്യസ്ഥ്യം വഹിക്കുന്നതെന്ന് അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയയിലെ ജനകീയ പ്രക്ഷോഭത്തിലും തുടര്‍ന്നുള്ള ആഭ്യന്തരയുദ്ധത്തിലും പ്രസിഡന്റ് അസാദിനെതിരെ പോരാടിയ പ്രതിപക്ഷത്തെ സൗദിയുടെ നേതൃത്വത്തിലുള്ള അറബി രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു. അസാദിനെ അധികാരത്തില്‍ തുടരാന്‍ സഹായിച്ചത് റഷ്യന്‍ സേനയാണ്. അടുത്തകാലത്ത് അറബിരാജ്യങ്ങളില്‍ അസാദിനു സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. അസാദ് ഫെബ്രുവരിയില്‍ ഒമാനും ഞായറാഴ്ച യുഎഇയും സന്ദര്‍ശിച്ചിരുന്നു.

പരമ്പരാഗത വൈരികളായ ഇറാനും സൗദിയും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനയുടെ മധ്യസ്ഥതയില്‍ തീരുമാനമുണ്ടായതിനു പിന്നാലെയാണു പുതിയ സംഭവവികാസങ്ങള്‍. അതേസമയം, റഷ്യയും ചൈനയും പശ്ചമേഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ യുഎസിന് ആശങ്കയുണ്ട്.