ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുനൽകിയത് മലയാളിയെന്ന് സൂചന

sharukhans son aryan khan arrest

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുനൽകിയത് മലയാളിയെന്ന് സൂചന. ആര്യൻ ഖാന്റെയും അര്‍ബാസിന്റെയും
വാട്‌ആപ്പ് ചാറ്റുകളില്‍ നിന്നാണ് ഈ വിവരം എന്‍സിബിക്ക് ലഭിച്ചത്. മലയാളിയായ ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്‍കിയതെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നത്.

മലയാളിയായ ശ്രയസ്‌ നായർക്ക് ഇരുവരുമായും അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ചില പാർട്ടികളിൽ മൂവരും പങ്കെടുത്തിരുന്നു. ലഹരിമരുന്ന് പാർട്ടിയിൽ ശ്രയസ്‌ നായരും പങ്കെടുക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും മറ്റു ചില കാരണങ്ങളാൽ ഇയാൾ അന്നേദിവസം പാർട്ടിയിൽ പങ്കെടുത്തിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം. ചോദ്യംചെയ്യലില്‍ ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച്‌ ആര്യനും അര്‍ബാസും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും റിപോര്‍ട്ടുകളുണ്ട്.

ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നല്‍കിയതെന്നായിരുന്നു അര്‍ബാസ് മര്‍ച്ചന്റ് നല്‍കിയ മൊഴി. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയിരിക്കുകയാണ് . മൂവരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കോടതിയില്‍ ഹാജരാക്കുന്നത്. തുടര്‍ചോദ്യംചെയ്യലിനും മറ്റുമായി പ്രതികളെ വീണ്ടും എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍.