കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയില്‍ ശശി തരൂരും, ഫെബ്രുവരി 15ന് ശേഷം സജീവമാകും

shashi-tharoor-hindutva

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് രൂപീകരിച്ച മേല്‍നോട്ട സമിതിയില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെയും ഉള്‍പ്പെടുത്തി. ഫെബ്രുവരി 15 ന് ശേഷമാകും അദ്ദേഹം സജീവമാകുക. ഉമ്മന്‍ചാണ്ടിയാണ് സമിതിയുടെ അധ്യക്ഷന്‍. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സമിതിയില്‍ അംഗങ്ങളാണ്.

താരീഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍ എന്നിവരും കമ്മിറ്റിയിലുണ്ട്. പത്ത് പേരടങ്ങിയതാണ് കമ്മിറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആന്റണി മുഴുവന്‍ സമയവും കേരളത്തില്‍ ഉണ്ടാവും. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്.

ഡല്‍ഹിയില്‍ നിന്ന് ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. ഉമ്മന്‍ചാണ്ടി നയിക്കും, യുഡിഎഫ് ജയിക്കും എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്ത് രാത്രിയോടെ തിരിച്ചെത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരുവരും വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോയി. പുനസംഘടനയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന് രാവിലെ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ചര്‍ച്ച വേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം നിശ്ചയിക്കാമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ആകെ എകെ ആന്റണി കേരളത്തിലുണ്ടാകുമെന്ന് തീരുമാനിച്ച് പ്രചാരണത്തിന്റെ നേതൃത്വവും എഐസിസി ഏറ്റെടുക്കും.

ഉമ്മന്‍ചാണ്ടി കൂടെയില്ലാതെ വിജയസാധ്യതയില്ലെന്ന ഘടകകക്ഷി നേതാക്കളുടെ അഭിപ്രായമാണ് ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നില്‍. മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സ്വയം തീരുമാനം എടുക്കട്ടെ എന്നതായിരുന്നു നേരത്തെ എഐസിസിയുടെ നിലപാട്. അത് മാറ്റി രണ്ടു പേരും മത്സരിക്കണം എന്ന് തന്നെ ഇപ്പോള്‍ നിര്‍ദ്ദേശിക്കുകയാണ് കേന്ദ്രനേതൃത്വം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിയാണ് ഉമ്മന്‍ചാണ്ടിയുടെ വരവിന് വഴിയൊരുക്കിയ പ്രധാന കാരണം. രമേശ് ചെന്നിത്തലയെ മാത്രം മുന്നില്‍ നിര്‍ത്തി പോകാനാവില്ലെന്നാണ് മുസ്ലിംലീഗിന്റെയും നിലപാട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്രനേതൃത്വം സജീവമായി ഇടപെടും. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം എ കെ ആന്റണി മുഴുവന്‍ സമയവും കേരളത്തില്‍ ഉണ്ടാവും. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്റിന്റെ ശക്തമായ ഇടപെടലാകും ഉണ്ടാവുക.

മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നില്ല. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവെച്ചാകില്ല കോണ്‍ഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക.