ടോക്കിയോ: ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ(67) വെടിയേറ്റു മരിച്ചു. ജപ്പാന് സമയം രാവിലെ പതിനൊന്നരയോടെയാണ് കിഴക്കന്‍ ജപ്പാനിലെ നരാ നഗരത്തില്‍ വച്ച് ആബെയ്ക്ക് വെടിയേറ്റത്.
പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തില്‍ ആബേ പ്രസംഗിച്ചുകൊണ്ടിരിക്കെ അക്രമി പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബേയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആബേയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു. ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. എയര്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ആബേയുടെ ശ്വാസം നിലച്ചിരുന്നതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
2006ലാണ് ആബേ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വര്‍ഷം അതു തുടര്‍ന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടര്‍ന്നു. ഈ സമയങ്ങളിലെല്ലാം എല്‍ഡിപിയുടെ അധ്യക്ഷനും ആബേയായിരുന്നു. 2012ല്‍ പ്രതിപക്ഷ നേതാവായും 2005 മുതല്‍ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സൃഹൃത്താണ് ആബേ. ജപ്പാന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റിവ്സിലേക്ക് ആദ്യമായി 1993ലാണ് ആബേ തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് നിര്‍ണായക
സ്ഥാനത്തെത്തുന്നത് 2005ല്‍ ചീഫ് കാബിനറ്റ് സെക്രട്ടറിയായതോടെയാണ്. തൊട്ടടുത്ത വര്‍ഷം ഡിസംബറില്‍ എല്‍ഡിപി പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. ഒരു വര്‍ഷത്തിനിപ്പുറം ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
2012ല്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം എല്‍ഡിപിയിലെ ഷിഗേരു ഇഷിബയെ തോല്പിച്ച് വീണ്ടും പാര്‍ട്ടി അധ്യക്ഷനായി. തൊട്ടടുത്ത വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് എല്‍ഡിപി സ്വന്തമാക്കിയത്. 2014ലും 2017ലും ഈ വിജയം തുടര്‍ന്നതാണ് ജപ്പാനില്‍ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരിക്കാന്‍ ആബേയെ സഹായിച്ചത്. 2020 ഓഗസ്റ്റില്‍ ആരോഗ്യനില വീണ്ടും മോശമായതോടെ
രാജിവയ്ക്കേണ്ടി വന്നു. വീണ്ടും തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയായിരുന്നു വെടിയേറ്റത്.