Monday, June 21, 2021
Home News National നീറ്റ് പരീക്ഷയിൽ ചരിത്രം കുറിച്ച്‌ ഷൊയ്ബ്; ആദ്യ അമ്പതില്‍ നാല് മലയാളികളും

നീറ്റ് പരീക്ഷയിൽ ചരിത്രം കുറിച്ച്‌ ഷൊയ്ബ്; ആദ്യ അമ്പതില്‍ നാല് മലയാളികളും

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720-ല്‍ 720 മാര്‍ക്കും കരസ്ഥമാക്കി ദേശീയതലത്തില്‍ ഒന്നാമനായി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂര്‍ക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബ്. ഒക്ടോബര്‍ 16ന് നടന്ന രണ്ടാംഘട്ട നീറ്റ് പരീക്ഷയെഴുതിയാണ് അഫ്താബ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സപ്തംബര്‍ 13ന് നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ അഫ്താബിന് കഴിഞ്ഞിരുന്നില്ല. പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ബുധനാഴ്ച നടത്തിയ പരീക്ഷയിലാണ് അഫ്താബ് ചരിത്രം കുറിച്ചത്. മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ ഇതുവരെ 100 ശതമാനം മാര്‍ക്കും നേടിയ ചരിത്രം ആര്‍ക്കുമുണ്ടായിട്ടില്ല.

രാജസ്ഥാനിലെ കോട്ടയിലെ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഷോയ്ബ് കോച്ചിങ്ങിനായി ചേര്‍ന്നിരുന്നത്. രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സഹപാഠികളെല്ലാം നാട്ടിലേക്ക് മടങ്ങിയെങ്കിലും ഷോയ്ബ് തയ്യാറായില്ല. കോട്ടയില്‍ തന്നെ താമസം തുടര്‍ന്ന് ലോക്ഡൗണില്‍ കുറേക്കൂടി സമയം പഠനത്തിനായി ചെലവഴിച്ചു. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് ഷൊയ്ബിന് ലഭിച്ച നൂറുശതമാനം മാര്‍ക്ക്. അന്തിമഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ താന്‍ മുഴുവന്‍ മാര്‍ക്കും നേടിയിട്ടുണ്ടെന്ന് ശുഐബിന് ഉത്തരസൂചികകള്‍ പരിശോധിച്ചതില്‍നിന്ന് ഉറപ്പുണ്ടായിരുന്നു. ഡല്‍ഹിയിലെ എയിംസില്‍ കൂടുതല്‍ പഠനം നടത്താനാണ് താല്‍പര്യം. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഒരു കാര്‍ഡിയാക് സര്‍ജനാവുക എന്നുളളതാണ് ഈ പതിനെട്ടുകാരന്റെ സ്വപ്നം. അമ്മയ്ക്കും ഇളയ സഹോദരിക്കും ഒപ്പമാണ് കോട്ടയില്‍ ഷൊയ്ബ് താമസിച്ചിരുന്നത്. പിതാവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ്.

ഡല്‍ഹി സ്വദേശിനി ആകാംക്ഷാ സിങ്ങിനാണ് രണ്ടാം റാങ്ക്. രണ്ടുപേര്‍ക്കും ഫുള്‍ മാര്‍ക്കുണ്ടെങ്കിലും വെയ്റ്റേജിന്റെ അടിസ്ഥാനത്തിലാണ് ശുഐബിന് ഒന്നാം റാങ്ക് ലഭിച്ചത്. ആദ്യ അമ്ബത് റാങ്കുകാരില്‍ നാലുപേര്‍ മലയാളികളാണ്. 12ാം റാങ്ക് നേടിയ ഐഷ എസ് (710 മാര്‍ക്ക്), 22ാം റാങ്കുള്ള എ ലുലു (706 മാര്‍ക്ക്), 25ാം റാങ്ക് നേടിയ സനീഷ് അഹമ്മദ് (705 മാര്‍ക്ക്), 50ാം റാങ്ക് നേടിയ ഫിലമോന്‍ കുര്യാക്കോസ് (705 മാര്‍ക്ക്) എന്നിവരാണവര്‍.

കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സെപ്റ്റംബര്‍ 13-നും ഒക്ടോബര്‍ 14-നുമായാണ് നീറ്റ് പരീക്ഷ നടത്തിയത്. സെപ്റ്റംബര്‍ 13-ന് 13,67,032 പേരും ഒക്ടോബര്‍ 14-ന് 290 പേരുമാണ് പരീക്ഷ എഴുതിയത്. ntaresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭിക്കും.

Most Popular