Friday, August 12, 2022
HomeNewsNationalരാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം ഇന്ന് മുതൽ

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം ഇന്ന് മുതൽ

ന്യൂഡൽഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം ഇന്ന് മുതൽ. ഇവയുടെ വിൽപന, സൂക്ഷിക്കൽ, വിതരണം, കയറ്റുമതി എന്നിവയ്‌ക്കെല്ലാം നിരോധനം ഇന്ന് മുതൽ നിലവിൽ വന്നു. നിരോധനം കര്‍ശനമായി നടപ്പാക്കാനാണ് കേന്ദ്ര നിർദേശം.

മിഠായി, ബലൂൺ പോലുള്ള സാധനങ്ങളിലുള്ള പ്ലാസ്റ്റിക് കോലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകൾ, പോളിസ്ട്രിന്‍ അലങ്കാര വസ്തുക്കൾ എന്നിവയ്ക്കാണ് നിരോധനം. നിരോധിച്ച സാധനങ്ങൾ ഉപയോഗിച്ചാൽ വ്യക്തികൾക്കും വീടുകൾക്കും പിഴ അഞ്ഞൂറ് രൂപയും സ്ഥാപനങ്ങൾക്ക് 5000 രൂപയുമാണ്.

 

പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം 5 വർഷം തടവോ 1 ലക്ഷം രൂപ പിഴയോ ശിക്ഷയായി ലഭിക്കാം. ഇത്തരം വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും അനുമതി റദ്ദാക്കും.നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും, എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചിരുന്നു.

75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കുള്ള നിരോധനം കഴിഞ്ഞ വർഷം സെപ്റ്റംബർ 30നും 120 മൈക്രോണിനു താഴെയുള്ള കാരി ബാഗുകൾക്കുള്ള നിരോധനം ഡിസംബർ 31നും നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും നിരോധിക്കുന്നത്.

നിരോധനം ഇവയ്ക്കൊക്കെ

പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയർ ബഡ്, ബലൂൺ സ്റ്റിക്, പ്ലാസ്റ്റിക് കൊടികൾ, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, അലങ്കാരത്തിനുപയോഗിക്കുന്ന പോളിസ്റ്റൈറീൻ (തെർമോക്കോൾ) ഉൽപന്നങ്ങൾ, പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ഫോർക്, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് കത്തി, ട്രേ, മിഠായി ബോക്സുകൾ പൊതിയാനുള്ള പാക്കിങ് ഫിലിമുകൾ, ക്ഷണക്കത്തുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിഗരറ്റ് പാക്കറ്റിനു പുറത്തുള്ള പ്ലാസ്റ്റിക് കവർ, 100 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക്/പിവിസി ബാനർ, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്.

Most Popular