Thursday, August 5, 2021
Home News Kerala അജ്ഞാത വയർലെസ് സന്ദേശം പിന്തുടർന്ന പോലീസുകാരൻ രക്ഷിച്ചത് ആറ് ജീവനുകൾ

അജ്ഞാത വയർലെസ് സന്ദേശം പിന്തുടർന്ന പോലീസുകാരൻ രക്ഷിച്ചത് ആറ് ജീവനുകൾ

കോഴിക്കോട്: ‘പോലീസ്…കൺട്രോൾ…ഫിഷിംഗ് ബോട്ട് മുങ്ങുന്നു..’ മുറിഞ്ഞുമുറിഞ്ഞ് പതറിയ ശബ്ദത്തിൽ ഒരു വയർലെസ് മെസേജ്. കൺട്രോൾ റൂമിൽ നിന്ന് മറുപടിയൊന്നുമില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എവിടെ നിന്നെന്ന് വ്യക്തമാകാത്ത ഒറ്റത്തവണ മാത്രം വന്ന് അവസാനിച്ച ആ സന്ദേശം ഒരേ ഒരാൾ മാത്രം കേട്ടു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ പവിത്രൻ വി പി.

മരണം അരികിലെത്തിയ പേടിയോടുകൂടിയ ആ അജ്ഞാത നിലവിളി എവിടെ നിന്നാണെന്ന് അറിയാൻ പവിത്രൻ വീണ്ടും കാതോർത്തു. പക്ഷേ പിന്നീട് സ്റ്റേഷനിലെ വയർലെസിന് ഒരനക്കവുമുണ്ടായില്ല. പക്ഷേ മരണഭയത്തോടുകൂടിയ ആ നിലവിളി താൻ കേട്ടുവെന്ന് പവിത്രനുറപ്പായിരുന്നു.

സംശയം തീർക്കാൻ കൺട്രോൾ റൂമിലേയ്ക്ക് വിളിച്ചന്വേഷിച്ചു. അങ്ങനൊരു മെസേജ് അവിടെ വന്നിട്ടില്ല. കേൾക്കാത്തതാണോ എന്നറിയാൻ അവരുടനെ റിക്കോർഡ് ചെയ്ത മെസേജുകളും കേട്ടുനോക്കി. അങ്ങനെയൊന്നില്ല. ജില്ലയിലെ മൊത്തം വയർലെസും കൈകാര്യം ചെയ്യുന്ന ടെലിക്കമ്മ്യൂണിക്കേഷൻ വിംഗിലേക്കും ബന്ധപ്പെട്ടു. അവർക്കും അങ്ങനെയൊരു സന്ദേശം കിട്ടിയിട്ടില്ല.

കൺട്രോൾ റൂമിലേയ്ക്കുള്ള മെസേജുകൾ കൂടാതെ വളരെ അപൂർവമായി എഫ് എം സംഭാഷണങ്ങൾ പോലീസ് വയർലെസിലേയ്ക്ക് എത്താറുണ്ട്. അങ്ങനെയെന്തെങ്കിലും ആകുമെന്ന് ആദ്യം ചിന്തിച്ചെങ്കിലും പേടിച്ചരണ്ട നിലവിളി കേട്ടില്ലെന്ന് വിചാരിക്കാൻ പവിത്രന് കഴിഞ്ഞില്ല. താൻ മാത്രം കേട്ട അസ്വാഭാവികമായ ആ സഹായാഭ്യർഥന വിട്ടുകളയാൻ പവിത്രന്റെ മനസ്സനുവദിച്ചില്ല. അതിനുപുറകെ പോകാനുണ്ടായ പവിത്രന്റെ തോന്നൽ തിരിച്ചുപിടിച്ചത് കടലിൽ മുങ്ങിത്താഴ്ന്നു പോകുമായിരുന്ന ആറ് മത്സ്യത്തൊഴിലാളികളുടെ ജീവനാണ്.

കൺട്രോൾ റൂമിലും ടെലിക്കമ്മ്യൂണിക്കേഷനിലും ബന്ധപ്പെട്ട ശേഷം മറൈൻ എൻഫോഴ്‌സ്‌മെന്റിൽ ജോലി നോക്കുന്ന സുഹൃത്തിനെ സ്വന്തം നിലയ്ക്ക് ബന്ധപ്പെട്ട് എവിടെയോ ഒരു ഫിഷിംഗ് ബോട്ട് അപകടത്തിൽ പെട്ടിട്ടുണ്ടെന്ന വിവരം അദ്ദേഹം അറിയിച്ചു. കടലുണ്ടിയിലും ബേക്കലിലുമായി പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടിരുന്ന മറൈൻ എൻഫോഴ്‌സ്‌മെന്റിലെ ആർക്കും തന്നെ അത്തരമൊരു സന്ദേശം കിട്ടിയിരുന്നില്ല. പക്ഷേ കസബ സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരം വിട്ടുകളയാതെ അവർ കോസ്റ്റ് ഗാർഡിനും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും വിവരം കൈമാറി.

ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ച അവർ കടലുണ്ടിയിൽ നിന്ന് 17 നോട്ടിക്കൽ മൈൽ അകലെ ഒരു ഫിഷിംഗ് ബോട്ട് വെളളംകയറി മുങ്ങിത്താഴുന്നത് കണ്ടെത്തി. പാഞ്ഞെത്തിയ മറ്റ് ഫിഷിംഗ് ബോട്ടിലുള്ളവർ ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും രക്ഷിച്ചെടുത്തു. അൽപം വൈകിയിരുന്നെങ്കിൽ ആ ജീവിതങ്ങൾ കടലെടുക്കുമായിരുന്നു.

സാധാരണ അതത് പോലീസ് സ്റ്റേഷനിലേക്ക് വരുന്ന സന്ദേശങ്ങൾ മാത്രമാണ് ഡ്യൂട്ടിക്കാർ നിർബന്ധമായും ശ്രദ്ധിക്കേണ്ടത്. സ്റ്റേഷനിൽ പതിവിലേറെ തിരക്കും ബഹളവുമുണ്ടായിട്ടും തങ്ങൾക്കല്ലാതെ വന്ന ആ സന്ദേശം തന്റെ കാതുകളിലെത്തിയതും അതിനു പുറകെ പോയതും ഒരു നിമിത്തമായാണ് ഈ പോലീസുദ്യോഗസ്ഥൻ കാണുന്നത്.

മീൻപിടുത്തക്കാർ അനുവദനീയമായ സ്ഥലം തെറ്റി ഉള്ളിലേക്ക് പോയതോടെ മൊബൈൽ റേഞ്ചും വയർലെസ് സംവിധാനവും ലഭ്യമല്ലാതായി. അപകടത്തിൽപെട്ട ആശങ്കയിൽ കൈവശമുണ്ടായിരുന്ന വാക്കിടോക്കി എവിടെയോ പ്രസ് ചെയ്ത് അറിയിച്ച സഹായാഭ്യർഥനയാണ് കസബ സ്റ്റേഷിലേക്കെത്തിയതും പവിത്രന്റെ ശ്രദ്ധയിൽപ്പെട്ടതും.

മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് വൈദ്യസഹായം നൽകിയ ശേഷം മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം വിളിച്ചറിയിച്ചപ്പോഴാണ് താൻ പിന്തുടർന്ന ആ സന്ദേശത്തിന് പുറകിൽ ആറ് ജീവനുകളുടെ നിലവിളിയായിരുന്നുവെന്ന് പവിത്രനും തിരിച്ചറിഞ്ഞത്.

ആറ് പേരുടെ ജീവൻ രക്ഷിച്ച പവിത്രനെ ജില്ലാ പോലീസ് മേധാവി വിളിച്ചുവരുത്തി അനുമോദിക്കുകയും റിവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഒറ്റത്തവണ മാത്രം വന്ന് പതറി അവസാനിച്ച ആ ശബ്ദസന്ദേശത്തിൽ പ്രാണൻ തിരിച്ചുപിടിക്കാനുള്ള പിടച്ചിലായിരുന്നുവെന്ന് തിരിച്ചറിയാൻ കഴിഞ്ഞത് തന്റെ നിയോഗമായി കാണുന്നു ഈ പോലീസുകാരൻ.

Most Popular