പാമ്പ് കടിയേറ്റാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ ഇവ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. പാമ്ബു കടിയേല്‍ക്കുകയോ കടിയേറ്റെന്ന് സംശയിക്കുകയോ ചെയ്താല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും എന്തൊക്കെയാണ്? പരിശോധിക്കാം.
പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്
- പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല.ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.
- ഭയമുണ്ടാകുക സ്വാഭാവികം മാത്രമാണ്. പക്ഷെ, പരിഭ്രമവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കുകയും ചെയ്യും. ഒറ്റക്കാണെങ്കില്‍, കടിയേറ്റ ഭാഗം ഹൃദയത്തിനെക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വിഷം പ്രധാന അവയവങ്ങളില്‍ എത്തുന്നത് വൈകിക്കാന്‍ ഇത് വഴി സാധിക്കും. കഴിയുന്നത്ര വേഗം ഫോണിലൂടെയോ മറ്റോ സഹായം അഭ്യര്‍ത്ഥിക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ജീവന്റെ വിലയുള്ള സമയമാണെന്ന് മനസിലാക്കുക.
- തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. കൈകാലുകളിൽ ആണ് കടി ഏറ്റതെങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീർവീക്കം വന്നാൽ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്.
- മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം.
- പാമ്പിനെ പിടിക്കാനോ പാമ്പിന്റെ ഫോട്ടോ പിടിക്കാനോ ശ്രമിച്ചു സമയം കളയേണ്ടതില്ല . മുന്‍പ് സൂചിപ്പിച്ചത് പോലെ പാമ്പിനെ തിരിച്ചറിയുന്നതും ചികിത്സയും തമ്മില്‍ വലിയ ബന്ധമില്ല. രോഗിക്ക് ആവശ്യമായ ചികിത്സ എത്രയും പെട്ടെന്ന് കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. സുരക്ഷിതമായ അകലത്തില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ സാധിക്കുമെങ്കില്‍, പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്നറിയാന്‍ ചികിത്സിക്കുന്ന ഡോക്ടറെ സഹായിച്ചേക്കും. ഇതിനു സാധിച്ചില്ലെങ്കിലും വിരോധമില്ല.