പഞ്ചാബ് തിരഞ്ഞെടുപ്പില്‍ സോനു സൂദിന്റെ സഹോദരി മത്സരിക്കും; പാര്‍ട്ടി ഏതെന്ന കാര്യം പിന്നീട്

ചണ്ഡീഗഢ്: ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. മോഗയിൽ വാർത്താ സമ്മേളനത്തിൽ സോനു തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അടുത്ത കൊല്ലം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ഏത് പാർട്ടി സ്ഥാനാർഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഈയടുത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു.

കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ സോനു സൂദ് ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റിയിരുന്നു.

മുൻപ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. സ്കൂൾ വിദ്യാർഥികൾക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്സ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി സോനുവിനെ കേജ്രിവാൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ച പല ഊഹാപോഹങ്ങൾക്കാണ് അന്ന് വഴിവെച്ചത്. സോനു രാഷ്ട്രീയപ്രവേശം നടത്താനൊരുങ്ങുകയാണെന്നും പഞ്ചാബിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുമെന്നും ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നായിരുന്നു സോനു അന്ന് മാധ്യമങ്ങളോടു പ്രതികരിച്ചത്.