സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ നെഞ്ചു വേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ആശുപത്രിയിലേക്ക് എത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ജനുവരി ആദ്യം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണെന്ന് വ്യക്തമായതിനു പിന്നാലെ അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. പിന്നീട് ജനുവരി ഏഴാം തീയതിയാണ് അദ്ദേഹം ആശുപത്രി വിട്ടത്. വീട്ടിലേക്ക് മാറ്റുന്ന ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ദിവസേന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിശ്രമത്തില്‍ ഇരിക്കവെയാണ് ഇപ്പോള്‍ വീണ്ടും അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്