ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചു

കൊളംബോ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും ജനകീയ പ്രതിഷേധത്തിനുമൊടുവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്നതിനിടെയാണ് രാജി.

പ്രധാനമന്ത്രി രാജിവയ്ക്കാതെ ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രക്ഷോഭകര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം നടത്തിയത് സ്ഥിതിഗതികള്‍ വഷളാക്കി. ഇതിനെ നേരിടാന്‍ രാജ്യമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നത്.

നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 9 മുതല്‍ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസിന് പുറത്ത് ക്യാമ്ബ് ചെയ്യുന്ന പ്രതിഷേധക്കാരെ സായുധരായ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിക്കുകയായിരുന്നു. സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു.