തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം. റാലികൾക്കും മൈക്ക് അനൗൺസ്മെൻ്റിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടേതാണ് നിർദേശം. ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യപകമായി ജാഗ്രത പുലർത്താൻ ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. അവധിയിൽ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അടിയന്തരമായി ഡ്യൂട്ടിയിൽ തിരിച്ചു കയറാൻ ആവശ്യപ്പെട്ടു. എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.ഉന്നത ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിലാണ് ഈ നിർദ്ദേശമുള്ളത്.
തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട് . സംസ്ഥാനത്തെ സംഘർഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന കർശനമാക്കും. ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തും. ഇരട്ടകൊലപാതകങ്ങളിൽ ഇൻ്റലിജൻസ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ഇത്തരം ആളുകളെ മുൻകരുതൽ കസ്റ്റഡിയിൽ എടുക്കുമെന്നും ഡിജിപി അറിയിച്ചു.