Monday, September 26, 2022
HomeNewsKeralaസൈക്കിളിൽ പോയ വിദ്യാർത്ഥിയെ പിന്നാലെയെത്തി ആക്രമിച്ച് വീഴ്ത്തി തെരുവുനായ; ദൃശ്യങ്ങൾ പുറത്ത്

സൈക്കിളിൽ പോയ വിദ്യാർത്ഥിയെ പിന്നാലെയെത്തി ആക്രമിച്ച് വീഴ്ത്തി തെരുവുനായ; ദൃശ്യങ്ങൾ പുറത്ത്

ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈക്കിളില്‍ പോവുകയായിരുന്ന നൂറാസിന് നേരെ തെരുവുനായ ചാടി കടിക്കുകയായിരുന്നു. സൈക്കിളില്‍ റോഡിലേക്കിറങ്ങിയ നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.

അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്ളാസ് വിദ്യാര്‍ഥിനി വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ ഷാജുദ്ദീനും(40) കടിയേറ്റു. സംസ്ഥാനത്ത് ഇന്നലെ മാത്രം ആറ് പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

അതേസമയം തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു വര്‍ഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി. (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പ്രോഗ്രാം വീണ്ടും ഊര്‍ജിതമാക്കാനാണ് നീക്കം. 152 ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കും. ഒന്നോരണ്ടോ ബ്ലോക്കുകള്‍ ചേര്‍ന്ന് നടപ്പാക്കുന്നതും പരിഗണനയിലാണ്. എ.ബി.സി.യിലെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2017 മുതല്‍ കുടുംബശ്രീക്ക് അനുമതിയുണ്ടായിരുന്നു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ കുടുംബശ്രീ ഒഴിവായി.

സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകള്‍ ഇല്ലാത്തതിനാല്‍ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനകളുടെ സഹായവും തേടിയിട്ടുണ്ട്.

Most Popular