നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം.

42ാം വയസില്‍ സുബി മടങ്ങുന്നത് ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ്. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. സ്‌റ്റേജ് ഷോകളില്‍ നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളില്‍ നിന്നും കിട്ടിയതാണെന്ന് സുബി പറയാറുണ്ട്.

ജീവിതത്തില്‍ ഒരു ബ്രെക്കപ്പ് നേരിട്ട സുബി, തന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച്‌ തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്’- സുബി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വിവാഹം ഉടനെ ഉണ്ടാകും സത്യമായും ഉണ്ടാകും എന്നൊക്കെ പരിപാടിയില്‍ താരം വ്യക്തമാക്കിയിരുന്നു.