പകൽ ഉരുകുന്നു; കടുത്ത ചൂട് ജനജീവിതം ദുസ്സഹമാക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളം പകൽച്ചൂടിൽ ഉരുകുന്നു. നിലവില്‍ അന്തരീക്ഷത്തില്‍ താപം ക്രമാതീതമായി ഉയരുകയും ഏപ്രില്‍,മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ദ്ധിക്കാനും സാധ്യതയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും.ഇത്തരമൊരു അവസ്ഥയാണ് സൂര്യാഘാതം അല്ലെങ്കില്‍ ഹീറ്റ് സ്‌ട്രോക്ക്.

ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട ചുവന്ന് ചൂടായ ശരീരം,ശക്തമായി തലവേദന, തലക്കറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്,മാനസിക അവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയും കാണപ്പെടും. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്.

സൂര്യതാപം

സൂര്യഘാതത്തേക്കാള്‍ കൂറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ്. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്നു തടിക്കുകകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍പൊട്ടിക്കാന്‍ പാടില്ല.

ലക്ഷണങ്ങള്‍

ക്ഷീണം, തലക്കറക്കം,തലവേദന, പേശിവലിവ്,ഓക്കാനം,ചര്‍ദ്ദി, അസാധാരണമായ വിയര്‍പ്പ് കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍

സൂര്യഘാതമേറ്റു എന്ന് തോന്നിയാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍:

സൂര്യഘാതം,സൂര്യതാപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കുക, തണുത്ത വെള്ളം കൊണ്ട് മുഖവും,ശരീരവും തുടക്കുക. ഫാന്‍ എ.സി.അല്ലെങ്കില്‍ വിശറി ഏതെങ്കിലും സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കാന്‍ നല്‍കുക. പഴങ്ങള്‍,സാലഡുകള്‍ കഴിക്കാന്‍ നല്‍കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ ഉടനടി ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ലഭ്യമാക്കുക.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച്‌ ചൂടിന് കാഠിന്യം കൂടുമ്ബോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം, നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ,തൊപ്പിയോ ഉപയോഗിക്കുക. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തല്‍,ഓറഞ്ച്, മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം,ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക,കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതീയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക, വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ അനുഭപ്പെടാറുള്ള ചൂടാണ് ജില്ല ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ തന്നെ നേരിടുന്നത്