Tuesday, June 22, 2021
Home News Kerala നിയമസഭയിലെ പ്രമേയത്തെ അനുകൂലിച്ചു; ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍

നിയമസഭയിലെ പ്രമേയത്തെ അനുകൂലിച്ചു; ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. അതുകൊണ്ടാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്നും പ്രമേയത്തിലുള്ള ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാല്‍ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിര്‍ത്തില്ല. ഒന്നിച്ചു നില്‍ക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Most Popular