Thursday, September 16, 2021
Home Special GM Talkies സുശാന്തിന്റെ മരണം: അവസാനമണിക്കൂറുകൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞതിങ്ങനെ

സുശാന്തിന്റെ മരണം: അവസാനമണിക്കൂറുകൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞതിങ്ങനെ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തുമായി അടുപ്പമുള്ള നാല് പേരെ സിബിഐ പല തവണ ചോദ്യം ചെയ്തു കഴിഞ്ഞു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ സുശാന്തിനൊപ്പം താമസിച്ചിരുന്നവരാണ് നാല് പ്രധാന സാക്ഷികൾ. ഇവർ സുശാന്തിന്റെ അവസാന മണിക്കൂറുകളിൽ ഉണ്ടായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.

ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ ബാന്ദ്രയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് സുശാന്തിന്റെ ഫ്‌ളാറ്റ് മേറ്റ് സിദ്ധാർഥ് പിതാനി, സഹായി നീരജ്, പാചകക്കാരൻ കേശവ്, വീട്ടുജോലിക്കാരൻ ദീപേഷ് സാവന്ത് എന്നിവരാണ് കൂടെയുണ്ടായിരുന്നത്. സിദ്ധാർഥ് പിതാനിയേയും നീരജിനേയും അന്വേഷണസംഘം പല തവണ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടുണ്ട്.

ജൂൺ 13 രാത്രി മുതൽ ജൂൺ 14ന് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതു വരെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇവരിൽ നിന്ന് മൊഴിയെടുത്തത്. ഈ സമയത്ത് സുശാന്ത് സ്വന്തം റൂമിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് നാല് പേരും പറഞ്ഞത്. ജൂൺ 14ന് വീട്ടിൽ ആദ്യം ഉണർന്നത് ദീപേഷ് സാവന്താണ്. സുശാന്ത് മരിക്കുന്നതിനു തലേദിവസം രാത്രി ഭക്ഷണം വേണ്ടെന്ന് പറഞ്ഞെന്നും മാംഗോ ഷേക്ക് ആണ് കഴിച്ചതെന്നും ദീപേഷ് സാവന്ത് അന്വേഷണസംഘത്തോട് പറഞ്ഞു. മറ്റുള്ളവരോട് കഴിക്കാൻ പറഞ്ഞ സുശാന്ത് മുറിയിൽ തന്നെ ഇരുന്നു. താൻ ഭക്ഷണം കഴിച്ച ശേഷം മൊബൈലിൽ സിനിമ കാണാൻ തുടങ്ങിയെന്ന് ദീപേഷ് പറയുന്നു. രാത്രി 10.30ന് വീണ്ടും സുശാന്തിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഉറങ്ങിക്കാണുമെന്ന് വിചാരിച്ചു.

ജൂൺ 14ന് രാവിലെ 5.30ന് ഏഴുന്നേറ്റ ദീപേഷ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം പതിവുപോലെ മുകൾനിലയിലുള്ള സുശാന്തിന്റെ മുറിയിലേയ്ക്കാണ് ആദ്യം പോയത്. സുശാന്തും എഴുന്നേറ്റിട്ടുണ്ടായിരുന്നു. ചായയും ബ്രേക്ക് ഫാസ്റ്റും വേണ്ട എന്നു പറഞ്ഞു. സുശാന്ത് മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഫാൻ ഓണായിരുന്നു. വാതിൽ തുറന്നുകിടന്നിരുന്നു. കർട്ടൻ പകുതി തുറന്നിരുന്നു. ഏഴ് മണിയോടെ കേശവും നീരജും ഏഴുന്നേറ്റു. എട്ടിനും 8.15നുമിടയ്ക്ക് സുശാന്ത് കുടിക്കാൻ തണുത്ത വെള്ളം ചോദിച്ചിരുന്നതായി നീരജ് പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞ് ഏതാണ്ട് 9.15ഓടെ കേശവ് ജ്യൂസും ഇളനീരുമായി മുറിയിലേയ്ക്ക് പോയപ്പോഴാണ് സുശാന്തിനെ അവസാനമായി ജീവനോടെ കണ്ടതെന്ന് അവർ പറഞ്ഞു.

കുറച്ചുകഴിഞ്ഞ് ഉച്ചയ്ക്ക് കഴിക്കാൻ എന്താണ് വേണ്ടതെന്ന് ചോദിക്കാൻ പോയപ്പോൾ സുശാന്ത് വാതിൽ ലോക്ക് ചെയ്തിരിക്കുകയായിരുന്നു എന്ന് കേശവ് പറഞ്ഞു. സുശാന്ത് സാധാരണയായി ഇങ്ങനെ ലോക്ക് ചെയ്യാറില്ല എന്നാണ് കേശവ് പറയുന്നത്. ഉടൻ തന്നെ സിദ്ധാർഥ് പിതാനിയെ വിവരമറിയിച്ചു. സിദ്ധാർഥ് പത്തരയോടെ വീണ്ടും മുട്ടി നോക്കിയപ്പോഴും പ്രതികരണമുണ്ടായില്ല. ക്രിയേറ്റീവ് ഡിസൈനറും ഫ്‌ളാറ്റ്‌മേറ്റുമായ സിദ്ധാർത്ഥ് പിതാനിക്കാണ് അവിടെ സുശാന്തുമായി ഏറ്റവും അടുപ്പമുണ്ടായിരുന്നത്.

റിയ ചക്രബർത്തി ഇല്ലാത്ത സമയത്ത് സുശാന്തിന്റെ എതിർവശത്തുള്ള റൂമിലാണ് സിദ്ധാർത്ഥ് കിടക്കാറ് എന്ന് ദീപേഷ് പറയുന്നു. റിയ ഉള്ളപ്പോൾ മാത്രമേ സുശാന്ത് ഡോർ ലോക്ക് ചെയ്യാറുള്ളൂ എന്ന് നാല് പേരും പറയുന്നു. പിന്നീട് 10.45ഓടെ വാതിലിൽ മുട്ടി നോക്കിയപ്പോഴും പ്രതികരണവുമുണ്ടായില്ല. ഈ സമയത്ത് സുശാന്തിന്റെ സഹോദരി മീതു സിംഗ് വിളിച്ചിരുന്നു. സുശാന്ത് വാതിൽ തുറക്കുന്നില്ലെന്ന വിവരം അവരോട് പറയുകയും ചെയ്തു. സിദ്ധാർത്ഥ് പിതാനി പറഞ്ഞു. 11.15ഓടെ മുറി തുറക്കാനുള്ള വഴി അന്വേഷിച്ചുതുടങ്ങി. ലോക്ക് തുറക്കാനായി ഒരാളെ വിളിച്ചുവരുത്തി. സുശാന്ത് സിംഗ് രജ്പുത്തിന്റെ വീടാണെന്ന് അയാളോട് പറഞ്ഞിരുന്നില്ല എന്നാണ് പിതാനി സിബിഐയോട് പറഞ്ഞത്. അയാളെ പറഞ്ഞുവിട്ട ശേഷം സിദ്ധാർഥും ദീപേഷും അകത്തുകടന്നു.

നീരജ് പുറത്തുനിന്നു. ലൈറ്റുകൾ ഓഫായിരുന്നു. കർട്ടനുകൾ അടച്ചിരുന്നു. ലൈറ്റിട്ടപ്പോൾ സുശാന്ത് തൂങ്ങിനിൽക്കുന്നതാണ് കണ്ടതെന്ന് ഇവർ പറയുന്നു. ഉടൻ തന്നെ സിദ്ധാർഥ് പിതാനി മീതു സിംഗിനെ വിളിച്ച് കാര്യം പറഞ്ഞു. ഈ സമയം നീരജും കൂടെ മുറിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. 108 ആംബുലൻസും ഡോക്ടറേയും ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ഒരു സുഹൃത്താണ് എന്ന് മാത്രമാണ് ആദ്യം പറഞ്ഞത്. ആരാണ് എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ സുശാന്ത് സിംഗ് രജ്പുത്ത് എന്ന് പറയുകയായിരുന്നു എന്നും അവർ പറഞ്ഞു.

Most Popular