മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഫ്‌ലാറ്റ് മേറ്റ് സിദ്ധാർഥ് പിത്താനിയെ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കഴിഞ്ഞ വർഷം മുതൽ മരണം വരെ നടന്ന മുഴുവൻ സംഭവങ്ങളുടെയും വിശദാംശങ്ങളാണ് സിബിഐ ഇപ്പോൾ ശേഖരിച്ചു കൊണ്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അഞ്ചാം തവണയാണ് സിദ്ധാർഥിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സുശാന്ത് യൂറോപ്യൻ യാത്ര കഴിഞ്ഞെത്തിയപ്പോൾ സംഭവിച്ച കാര്യങ്ങളിലേക്കാണ് നിലവിൽ എസ്‌ഐടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ആ യാത്രയിൽ കാമുകി റിയ ചക്രബർത്തി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മടങ്ങിയെത്തിയപ്പോൾ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും പെരുമാറ്റത്തിൽ വലിയ മാറ്റം സംഭവിച്ചെന്നും അദ്ദേഹത്തിന്റെ പരിചയക്കാരിൽ പലരും ആരോപിച്ചിക്കുന്നുണ്ട്.
സുശാന്തിനെ ആരാണ് ഡിപ്രഷൻ ചികിത്സയ്ക്കായി ഡോക്ടറുടെ അടുത്ത് കൊണ്ടുപോയതെന്നും കുടുംബാംഗങ്ങളോട് സംസാരിക്കാൻ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സിബിഐ അന്വേഷിക്കുന്നുണ്ട്.
അന്തരിച്ച നടന്റെ പിതാവ് കെ കെ സിംഗ് മകന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴൊന്നും റിയയും സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദിയും പ്രതികരിച്ചിരുന്നില്ല എന്ന് അന്വേഷണത്തിന്റെ മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, റിയയെയും കുടുംബാംഗങ്ങളെയും എസ്‌ഐടി ഇതുവരെ വിളിപ്പിച്ചിട്ടില്ല.