News Flash
X
സുശാന്ത് സിംഗിന്റെ മരണം: നടി റിയ ചക്രബർത്തി ഇഡിക്ക് മുമ്പിൽ ഹാജരായി

സുശാന്ത് സിംഗിന്റെ മരണം: നടി റിയ ചക്രബർത്തി ഇഡിക്ക് മുമ്പിൽ ഹാജരായി

personsumeera access_timeFriday August 7, 2020
HIGHLIGHTS
സുശാന്ത് സിംഗുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി നടി റിയാ ചക്രബർത്തി മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി.

മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി നടി റിയാ ചക്രബർത്തി മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നുള്ള റിയ നേരത്തേ ഇഡിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് തള്ളിയ ഇഡി റിയയ്ക്ക് ഉടൻ ഹാജരാകണമെന്ന് താക്കീത് നൽകിയിരുന്നു. കേസിൽ സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതുവരെ തന്റെ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെക്കണമെന്നും റിയ അപേക്ഷിച്ചിരുന്നു. ഇതും നിരസിച്ച ഇഡി ഇന്ന് രാവിലെ 11.30ന് മുമ്പ് ഓഫീസിൽ നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

സുശാന്തിന്റെ മുൻ ബിസിനസ് മാനേജർ ശ്രുതി മോദിയോടും ഇന്ന് ഹാജരാവണമെന്നാണ് ഇഡി അറിയിച്ചിരുന്നത്. സുശാന്തിന്റെ സുഹൃത്ത് സിദ്ധാർഥ് പട്ടാനിയോട് ഈ മാസം എട്ടിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. സുശാന്തിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരം റിയ ചക്രബർത്തിക്കും ആറ് ബന്ധുക്കൾക്കുമെതിരേ ഇഡി കേസെടുത്തത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻതുകകൾ റിയയ്ക്ക് കൈമാറിയതായി ഇഡി കണ്ടെത്തിയിരുന്നു.

സുശാന്തിന്റെ മരണം സംബന്ധിച്ച കേസ് പാറ്റ്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന റിയയുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് ബിഹാർ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ, പിതാവ് ഇന്ദ്രജിത്ത് ചക്രബർത്തി, റിയയുടെ സഹോദരൻ ഷൗവിക്, അമ്മ സന്ധ്യ എന്നിവർക്കെതിരേ സി ബി ഐ കേസ് രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ, തടവിലിടുക, മോഷണം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

SHARE :
folder_openTags
content_copyCategory