തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്.
അനധികൃത ഇടപാടുകള്‍ നടത്തിയത് ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്ന് സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ഒരാളാണ്. നിരവധി തീരുമാനങ്ങള്‍ എടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ എഴുതിയെങ്കില്‍ മോശമാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്ന് സ്വപ്ന പറഞ്ഞു. യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടാന്‍ ശുപാര്‍ശ ചെയ്തത് ശിവശങ്കറാണ്. എന്റെ കഴിവ് കണ്ടാണ് ജോലി തന്നത്.
താന്‍ ചതിച്ചെന്ന് ശിവശങ്കര്‍ പറയുമെന്ന് കരുതിയില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീന്‍ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. തന്നെ എല്ലാവരും ചൂഷണം ചെയ്തു. ഒരു സ്ത്രീ അനുഭവിക്കേണ്ടതിലധികം താന്‍ അനുഭവിച്ചു. താന്‍ ഇരയാണെന്നു സ്വപ്ന പ്രതികരിച്ചു.
ഏഷ്യാനെറ്റിലെ വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചത്. എന്‍ഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു. ഞാന് വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണെന്നും നിരവധി മറ്റ് സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.