കൊച്ചി : കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍. 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. മഴ നാളെയും ശക്തമാവാനാണ് സാധ്യതയെന്ന് തമിഴ്നാട് വെതർമാൻ പറയുന്നു. വാല്‍പ്പാറ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളില്‍ നാളെ മഴ തീവ്രമായിരിക്കുമെന്ന് പ്രവചനത്തില്‍ പറയുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മറ്റ് കെടുതികളിലുമായി അഞ്ച് പേര്‍ മരിച്ചു. 12 പേരെ കാണാതായി. കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടത്തെ മൂന്ന് വീടുകള്‍ ഒലിച്ചു പോയി. ഇവിടെ നിന്നും കാണാതായ പത്ത് പേരില്‍ മൂന്ന് പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഇടുക്കി കാഞ്ഞാറില്‍ കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ടാളുടേയും മൃതദേഹം കണ്ടെത്തി. കൂത്താട്ട്കുളം സ്വദേശി നിഖില്‍ (27), കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടേയും മതൃദേഹമാണ് കണ്ടെത്തിയത്. വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടത്.