Sunday, July 25, 2021
Home Gulf യുഎഇയില്‍ ജോലി തേടിയുള്ള സന്ദര്‍ശക വിസ യാത്രക്കാര്‍ക്ക് താത്കാലിക വിലക്ക്

യുഎഇയില്‍ ജോലി തേടിയുള്ള സന്ദര്‍ശക വിസ യാത്രക്കാര്‍ക്ക് താത്കാലിക വിലക്ക്

ദുബായ്: കൊവിഡ് സാഹചര്യത്തില്‍ ജോലി തേടിയുള്ള സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് വരാന്‍ സാധിക്കില്ലെന്ന് യുഎഇ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ വ്യക്തമാക്കി. സന്ദര്‍ശക വിസക്കാരുടെ യാത്രാചട്ടങ്ങളില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ലെന്നും നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ച് കഴിഞ്ഞയാഴ്ച യുഎഇ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. എന്നാല്‍, നിലവില്‍ ഇന്ത്യയിലെ ഒരു വിമാനക്കമ്പനിയും സന്ദര്‍ശക വിസക്കാരെ യുഎഇയിലെത്തിക്കുന്നില്ല. വന്ദേ ഭാരത് മിഷനിലൂടെ താമസ വിസയിലുള്ളവര്‍ക്ക് മാത്രമേ യുഎയിലേക്ക് മടങ്ങാന്‍ സാധിക്കൂ.

കുടുംബാംഗങ്ങളെ കാണുന്നതടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലും, ജോലി ഉറപ്പിച്ചവര്‍ക്കും സന്ദര്‍ശക വിസ ഉപയോഗിച്ച് വരുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍, ജോലി അന്വേഷിച്ച് കണ്ടെത്താന്‍ പറ്റിയ സമയമാണോ ഇതെന്ന് അവരവര്‍ തന്നെ ചിന്തിക്കുന്നതാവും നല്ലതെന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു.

Most Popular