101 പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നിരോധനം ഏര്‍പ്പടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 101 പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നിരോധനം ഏര്‍പ്പടുത്തിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പകരം ഈ പ്രതിരോധ സാമഗ്രികള്‍ ആത്മനിര്‍ഭര്‍, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ പ്രകാരം തദ്ദേശീയമായി നിര്‍മിക്കും. പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് നിരോധനമേര്‍പ്പെടുത്തിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

സേനാവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്, ഡിആര്‍ഡിഒയുടെ ഡിസൈനിനും സാങ്കേതികവിദ്യക്കും അനുസൃതമായി ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ച്വറിംഗ് യൂനിറ്റുകള്‍ക്ക് തന്നെ പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സേനകളുമായും പൊതു, സ്വകാര്യ കമ്പനികളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് സര്‍ക്കാര്‍ 101 പ്രതിരോധ സാമഗ്രികളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഇന്ത്യന്‍ ആര്‍മിയുടെ പ്രൊട്ടക്ടീവ് ഗിയറിനുള്ള റോ മെറ്റീരിയല്‍സ് ചൈനയില്‍ നിന്നാണ് ഇതുവരെ ഇറക്കുമതി ചെയ്തിരുന്നത്.

ആര്‍മേര്‍ഡ് ഫൈറ്റിംഗ് വെഹിക്കിള്‍സ് അടക്കമുള്ളവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തുക. 2021 ഡിസംബറിനകം ഇവയുടെ വിദേശത്ത് നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിര്‍ത്തി, ആവശ്യമായത് തദ്ദേശീയമായി ഉത്പാദിപ്പിക്കും. ഇതിന് 5000 കോടി രൂപയിലധികം ചെലവ് വരും.

2024 ആകുമ്പോഴേക്കും പ്രതിരോധ സാമഗ്രികള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിച്ച് പൂര്‍ണ സ്വയംപര്യാപ്തത നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് രാജ്‌നാഥ് സിംഗ് പറയുന്നു. ഈ സാമ്പത്തിക വര്‍ഷം 52,000 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് പ്രതിരോധ മേഖലയില്‍ ലക്ഷ്യമിടുന്നത്. വിദേശ, ആഭ്യന്ത നിക്ഷേപങ്ങള്‍ വേര്‍തിരിക്കും. ആഭ്യന്തര നിക്ഷേപങ്ങള്‍ക്കായി പ്രത്യേക കാപ്പിറ്റല്‍ പ്രൊക്യുര്‍മെന്റ് ബജറ്റ് തയ്യാറാക്കും. നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇറക്കുമതി നിരോധിക്കേണ്ടി വരുന്ന കൂടുതല്‍ ഉത്പന്നങ്ങളുടെ പട്ടിക, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയര്‍സ് (ഡിഎംഎ) തയ്യാറാക്കും. പ്രതിരോധ സാമഗ്രികള്‍ വാങ്ങലിന്റെ നടപടിക്രമങ്ങള്‍ (ഡിഎപി) ഇതിനനുസരിച്ചായിരിക്കും.

1.30 ലക്ഷം കോടി രൂപയിലധികം വരുന്ന പ്രതിരോധ സാമഗ്രികള്‍ ആര്‍മിക്കും എയര്‍ഫോഴ്‌സിനും വേണ്ടിവരും. നേവിക്ക് 1.40 ലക്ഷം കോടി രൂപയുടെ ഉല്‍പ്പന്നങ്ങളും. ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം അടുത്ത 6-7 വര്‍ഷത്തേയ്ക്ക് രാജ്യത്തെ പ്രതിരോധ കമ്പനികള്‍ക്ക് നാല് ലക്ഷം കോടി രൂപയുടെ കരാറുകള്‍ ലഭിക്കും. 2015 ഏപ്രിലിനും 2020 ഓഗസ്റ്റിനുമിടയില്‍ ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള 260ഓളം പദ്ധതികള്‍ മുന്നോട്ടുവന്നിട്ടുണ്ട്.