Thursday, September 23, 2021
Home News International ലോകത്ത് കോവിഡ് രോഗബാധ ബാധിതരുടെ എണ്ണം 20 കോടിയിലേക്ക്

ലോകത്ത് കോവിഡ് രോഗബാധ ബാധിതരുടെ എണ്ണം 20 കോടിയിലേക്ക്

ബാങ്കോക്ക് : ലോകരാജ്യങ്ങളില്‍ കോവിഡ് രോഗബാധ കുത്തനെ ഉയരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ലോകത്ത് ഇതേവരെ 198,975,120 പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. 4,239,777 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 179,595,844 രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ 31,695,368 പേരെ ബാധിച്ച രോഗത്തില്‍ 424,808 പേര്‍ ജീവന്‍ വെടിഞ്ഞു. 30,849,681 പേരാണ് രോഗമുക്‌തരായത്. കേരളത്തില്‍ 34,11,489 പേരെ ബാധിച്ച രോഗത്തില്‍ 32,26,761 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 16,837.

തായ്‌ലാന്‍ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,027 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് അവസാനം വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു.

റഷ്യയില്‍ 22,408 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 62,88,677 ആയി. 789 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,59,352 ആയി ഉയര്‍ന്നു. ഇറാനില്‍ പുതുതായി 32,511 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 39,03,519 ആയി ഉയര്‍ന്നു.

വിയറ്റ് നാം, മലേഷ്യ, ജപ്പാന്‍, ന്യൂ സൗത്ത് വെയില്‍സ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് പടരുകയാണ്. ഡെല്‍റ്റ വകഭേദം പടരുന്നത് തടയുക ലക്ഷ്യമിട്ട് വിയറ്റ്‌നാമും മലേഷ്യയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒളിംപിക്‌സ് ആതിഥേയ നഗരമായ ടോക്യോ കഴിഞ്ഞദിവസം തന്നെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 17നായിരുന്നു ചൈനയില്‍ ആദ്യത്തെ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചത്. വുഹാനില്‍ തുടങ്ങി ലോകമെമ്ബാടും നിരവധി പേരെ ബാധിച്ച മഹാമാരിയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ഇന്ന് ലോകം. ഹുബെ പ്രവിശ്യയിലെ വുഹാനില്‍ അപകടകാരിയായ ഒരു ന്യുമോണിയ പടരുന്നെന്ന് 2019 ഡിസംബറില്‍ത്തന്നെ ചൈന ലോകത്തെ അറിയിച്ചു. വുഹാനിലെ പ്രശസ്ത മാംസ – കടല്‍വിഭവ മാര്‍ക്കറ്റായ വുഹാനിലെ കച്ചവടക്കാരിലാണു രോഗം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ പല ലോകരാജ്യങ്ങളും തയാറായിട്ടില്ല. കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനൊരുങ്ങിയ ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നിഷേധിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ ചെയ്തത്.

കോവിഡ്-19 ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30-ന് കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ ആയിരുന്നു.. ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളിലാണ് രോഗം കണ്ടെത്തിയത്. ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ, 1897-ലെ പകര്‍ച്ചവ്യാധി രോഗ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. അതിനാല്‍ ഇന്ത്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. ആ ബന്ധനം ഒന്നരവര്‍ഷത്തിന് ഇപ്പുറവും നിലനില്‍ക്കുമ്ബോഴും ഏറ്റക്കുറച്ചിലുകളോടെ കോവിഡ് രോഗബാധ തുടരുകയാണ്.

Most Popular