Thursday, July 29, 2021
Home News Kerala പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സഹായിയുടെ ബന്ധു കീഴടങ്ങി

പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സഹായിയുടെ ബന്ധു കീഴടങ്ങി

പത്തനംതിട്ട: നഗരസഭാ പരിധിയിലെ കുമ്പഴയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ സഹായിയുടെ ബന്ധു കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ പഴയ ഇൻഡസ് മോട്ടേഴ്‌സിന് സമീപം താമസിക്കുന്ന ജാനകിയമ്മ (92) ആണ് കൊല്ലപ്പെട്ടത്. പ്രതി തമിഴ്നാട് സ്വദേശി മയിൽസ്വാമി (62) പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ ഏഴോടെ കൃത്യം നടത്തിയതിന് ശേഷം മയിൽ സ്വാമി തന്നെ ജാനകിയമ്മയുടെ ബന്ധുവിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

ബന്ധു അറിയിച്ചതിനെ തുടർന്ന് എട്ട് മണിയോടെ പോലീസ് എത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് വിളിച്ച ഉടൻ തന്നെ കതക് തുറന്ന് പുറത്തു വന്ന മയിൽസ്വാമി തനിക്ക് ജയിലിൽ പോകാൻ വേണ്ടിയാണ് കൊല നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു.

ജാനകിയമ്മക്ക് മൂന്ന് മക്കളാണുള്ളത്. അവർ വിവാഹം കഴിച്ച് വേറെ താമസിക്കുകയാണ്. മയിൽസ്വാമിയുടെ ബന്ധുവായ ഭൂപതി എന്ന സ്ത്രീയായിരുന്നു ജാനകിയമ്മയുടെ സഹായി. ഭൂപതിയുമായുള്ള അടുപ്പം മൂലം മയിൽസ്വാമിയെയും ഇവിടെ താമസിപ്പിക്കുകയായിരുന്നു. നാല് വർഷമായി ഇയാൾ ഇവർക്കൊപ്പം ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്.

ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നായിരുന്നു പ്രതീക്ഷ. അതു നടക്കില്ലെന്നു കണ്ടതോടെ മരിക്കാനായി എലിവിഷം കഴിച്ചു. വിഷം കഴിച്ചിട്ടും മരിക്കാതായപ്പോൾ ജയിലിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. അതിന് വേണ്ടിയാണ് ഇങ്ങനെയൊരു കാര്യം ചെയ്തതെന്നാണ് മയിൽസ്വാമി പോലീസിനോട് പറഞ്ഞത്.

Most Popular