Sunday, April 11, 2021
Home News Kerala വിമാനം അഗ്നിഗോളമാകാതിരിക്കാന്‍ ജീവന്‍ കൊടുത്ത് പൈലറ്റ്

വിമാനം അഗ്നിഗോളമാകാതിരിക്കാന്‍ ജീവന്‍ കൊടുത്ത് പൈലറ്റ്

കോഴിക്കോട്: ഇന്നലെ രാത്രി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ വിമാനം അഗ്നിഗോളമാകാതിരുന്നത് പൈലറ്റ് ഡി വി സാഠെയുടെ മനസ്സാന്നിധ്യം ഒന്നു മാത്രമാണ്. തന്റെ ജീവന്‍ കളഞ്ഞും പരമാവധി ആളുകളെ രക്ഷിക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം നിറവേറി. സഹപൈലറ്റിന്റെയും 17 യത്രികരുടെയും ജീവന്‍ കൂടി ബലി കഴിക്കേണ്ടി വന്നെങ്കിലും മുഴുവന്‍ ആളുകളെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞില്ല വിമാനം.

റണ്‍വേയുടെ അവസാനം വരെ എത്തി താഴ്ടയിലേക്ക് മറിഞ്ഞ വിമാനം രണ്ടായി പിളരുകയായിരുന്നു എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അപകടത്തെക്കുറിച്ച് നല്‍കിയ പ്രഥമിക വിശദീകരണം. ടേബിള്‍ടോപ്പ് റണ്‍വേയില്‍ മഴ മൂലം സാധാരണ ഉണ്ടാകുന്ന കാഴ്ചാ പ്രശ്‌നവും ദുരന്തത്തിന് കാരണമായി. ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് ഇടിച്ചിറക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അങ്ങനെ ഇടിച്ചിറക്കിയാല്‍ വിമാനത്തില്‍ ഇന്ധനമുണ്ടെങ്കില്‍ താഴെ പതിക്കുന്ന നിമിഷം തന്നെ വിമാനത്തിന് തീ പിടിക്കും. ഇതൊഴിവാക്കാനായി പൈലറ്റ് ഡി വി സാഠെ ആദ്യ ലാന്‍ഡിംഗ് ശ്രമത്തിന് ശേഷം ഇന്ധനം തീര്‍ക്കാനായി വീണ്ടും വിമാനം ടേക്ക് ഓഫ് ചെയ്തു. ഇതു മാത്രമല്ല, അപകടം ഉണ്ടാകുമെന്ന് ഉറപ്പായതോടെ വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്യുകയും ചെയ്തു.

നാഷനല്‍ ഡിഫന്‍സ് അക്കാദമയിലും എയര്‍ഫോഴ്‌സിലും മികവ് തെളിയിച്ച വളരെ പ്രവര്‍ത്തി പരിചയമുള്ള ഈ പൈലറ്റ് അല്ലായിരുന്നുവെങ്കില്‍ 10 വര്‍ഷം മുമ്പ് മംഗലാപുരത്ത് കത്തിക്കരിഞ്ഞ വിമാനത്തിന്റെ അവസ്ഥയാകുമായിരുന്നു ഇന്നലെ. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മികച്ച പൈലറ്റിനുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു ഇദ്ദേഹം. 10 വര്‍ഷം മുമ്പാണ് എയര്‍ ഇന്ത്യയിലെത്തിയത്.

1981ന് സേനയില്‍ ചേര്‍ന്ന ഇദ്ദേഹം 1992ല്‍ സ്‌ക്വഡ്രണ്‍ ലീഡര്‍ ആയി. 2003 ജൂണ്‍ 30ന് വിംഗ് കമാന്‍ഡര്‍ റാങ്കിലുള്ളപ്പോള്‍ വിരമിച്ചു. ഹിന്ദസ്ഥാന്‍ എയ്‌റോനോട്ടിക്‌സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹം ഇതിനു മുമ്പും ഇതിനേക്കാള്‍ മോശമായ സാഹചര്യങ്ങളില്‍ ലാന്‍ഡിംഗ് നടത്തിയിട്ടുണ്ട്.

Most Popular