ഫൈസാബാദ്: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്രമന്ത്രി 40 കിലോ ഭാരമുള്ള വെള്ളിശില പാകി ചടങ്ങ് പൂര്‍ത്തിയാക്കി. പ്രത്യകം ക്ഷണിക്കപ്പെട്ട 175 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേര് വേദി പങ്കിട്ടു. ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളും ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കൊവിഡ് വ്യാപനം മൂലമാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു.
ബി ജെ പിയുടെ നീക്കത്തിന് മൃദുഹിന്ദുത്വ സമീപനവുമായി കോണ്‍ഗ്രസും അരവിന്ദ് കോജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യ പിന്തുണയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിലൂടെ മതേതരത്വും ഐക്യവും ഊട്ടിയുറപ്പിക്കാനാകും എന്ന പ്രസ്താവനയും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായിരുന്നു. ബി ജെ പിയുടെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാമെന്ന പഴയ ധാരണയില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴുമുള്ളതെന്നാണ് കമല്‍നാഥ്, ദിഗ് വിജയ് സിംഗ്, പ്രിയങ്ക ഗാന്ധി തുടങ്ങിവരുടെ പ്രസ്താവനകള്‍ തെളിയിക്കുന്നത്.
ക്ഷേത്രനിര്‍മാണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൂടുതല്‍ ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
അടുത്തവര്‍ഷം നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പ്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്, മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ രാമക്ഷേത്രം ബിജെപി പ്രധാന തുറപ്പ് ചീട്ടാക്കും.