News Flash
X
നേട്ടത്തിന്റെ നെറുകയില്‍ വീണ്ടും കേരളം; രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും സംസ്ഥാനത്തിന്

നേട്ടത്തിന്റെ നെറുകയില്‍ വീണ്ടും കേരളം; രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും സംസ്ഥാനത്തിന്

personTF access_timeSaturday November 21, 2020
HIGHLIGHTS
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്

തിരുവനന്തപുരം: രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്. കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതോടെയാണ് ഈ നേട്ടം കേരളത്തിന് സ്വന്തമായത്.

95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്.

കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും ശൈലജ ഫേസ്ബുക്കില്‍ എഴുതി.

ഇതോടെ സംസ്ഥാനത്തെ 80 സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാനായത്. മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ആറ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 62 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.

തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. ജില്ലാ തല ആശുപത്രികളുടെ പട്ടികയില്‍ 96 ശതമാനം സ്‌കോര്‍ നേടി ഡബ്ല്യൂ ആന്‍ഡ് സി ആശുപത്രി കോഴിക്കോടും, സബ്ജില്ലാ ആശുപത്രികളുടെ പട്ടികയില്‍ 98.7 ശതമാനം സ്‌കോര്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടിയും ഇന്ത്യയില്‍ ഒന്നാമതാണ്. കണ്ണൂര്‍ ജില്ലയിലെ 18 സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യൂഎഎസ് അംഗീകാരം ലഭിച്ചത്. ഇത്രയേറെ എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂര്‍.

SHARE :
folder_openTags
content_copyCategory