ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിയെ തുടർന്ന് കർശന ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനമാണ് രാജ്യത്തെ സാമ്പത്തികമേഖലയെ തകർക്കാൻ കാരണമായതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വായ്പാ മൊറട്ടോറിയം കേസ് പരിഗണിക്കവെയാണ് കോടതിയുടെ പ്രസ്താവന. മൊറട്ടോറിയം കാലയളവിൽ ബാങ്കുകൾ അധിക പലിശ ഈടാക്കുന്നത് സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മൊറട്ടോറിയം കാലയളവിൽ പലിശ ഈടാക്കാൻ കഴിയില്ലെന്ന് ആർ ബി ഐ നേരത്തേ വ്യക്തമാക്കിയിരുന്നു. നിങ്ങൾ പറയുന്നു ആർ ബി ഐ തീരുമാനം എടുത്തെന്ന്. ഞങ്ങൾ ആർ ബി ഐയുടെ മറുപടി പരിശോധിച്ചു, പക്ഷേ, കേന്ദ്രം ആർ ബി ഐക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണ്,’ എന്നു പറഞ്ഞ കോടതി ശക്തമായ ഭാഷയിൽ കേന്ദ്രത്തെ വിമർശിച്ചു.
കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയപരിധി അറിയിക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് കേന്ദ്ര പ്രതിനിധി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ഇതിൻപ്രകാരം ഒരാഴ്ചത്തെ കാലാവധിയാണ് മേത്ത ആവശ്യപ്പെട്ടത്.
മൊറട്ടോറിയം കാലാവധി ഈ മാസം 31ന് അവസാനിക്കുമെന്നും സെപ്തംബർ ഒന്ന് മുതൽ എല്ലാം സാധാരണ സ്ഥിതിയിലേക്ക് മാറുമ്പോൾ വായ്പകൾ എൻ പി എകളായി മാറുമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഇത് വലിയ പ്രശ്നം സൃഷ്ടിക്കും. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതുവരെ വായ്പാ മൊറട്ടോറിയം നീട്ടിനൽകണമെന്ന് സിബൽ ആവശ്യപ്പെട്ടു.
ഹരജിയിൽ സെപ്തംബർ ഒന്നിന് വീണ്ടും വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.