Sunday, May 16, 2021
Home News Kerala പ്രായവ്യത്യാസം പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കി; വിവാഹം സ്വത്തുമോഹിച്ചുതന്നെയെന്ന് അരുണിന്റെ കുറ്റസമ്മതം

പ്രായവ്യത്യാസം പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കി; വിവാഹം സ്വത്തുമോഹിച്ചുതന്നെയെന്ന് അരുണിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് കൊല്ലപ്പെട്ട ശാഖയുടെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഇന്നു നടക്കും. ശാഖയെ പ്രായം മറന്ന് വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് സ്വത്തു മോഹിച്ചെന്ന് അരുണ്‍ പോലീസിനോട് മൊഴിനല്‍കി.

വിവാഹത്തിന്റെ കാര്യം അടുത്ത ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. താന്‍ വിവാഹിതനാണെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലെന്നും അരുണ്‍ പോലീസിനോട് വെളിപ്പെടുത്തി.
പ്രായത്തില്‍ കൂടിയ സ്ത്രീയുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞ് കൂട്ടുകാര്‍ പലപ്പോഴും കളിയാക്കിയിരുന്നതും തന്നില്‍നിന്ന് ഒരു കുഞ്ഞു വേണമെന്ന ശാഖയുടെ ആവശ്യവും അസ്വസ്ഥനാക്കിയിരുന്നു.

അതേസമയം കൊലപാതകം നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ഇത് വരും മണിക്കൂറുകളില്‍ നിന്നുള്ള ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു. ഇതിലേക്കായി ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചുവരികയാണ്.

ബ്യൂട്ടീഷനും എല്‍ഐസി ഏജന്റുമായ ശാഖ പരിചയപ്പെട്ട നാള്‍ മുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ ശാഖ വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചത് അരുണിനെ കൂടുതല്‍ അസ്വസ്ഥനാക്കി. ഇതുസംബന്ധിച്ച് വഴക്കുകള്‍ പതിവായിരുന്നു.

ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളിലെ ഹാളില്‍ അബോധാവസ്ഥയില്‍ ശാഖയെ കണ്ടെത്തിയത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. വൈദ്യുത അലങ്കാര ആര് വിളക്കില്‍ നിന്ന് ഷോക്കേറ്റു എന്നാണ് ശാഖയുടെ ഭര്‍ത്താവ് അരുണ്‍ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. എന്നാല്‍ ശാഖയെ അപകടപ്പെടുത്തി എന്ന നിഗമനത്തില്‍ എത്തി നില്‍ക്കുകയാണ് പോലീസ്.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് 26 കാരനായ അരുണും 51കാരിയായ ശാഖയും തമ്മില്‍ വിവാഹം കഴിക്കുന്നത്. മതാചാര പ്രകാരമായിരുന്നു വിവാഹം. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് പേര്‍ മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. മതാചാരപ്രകാരം നടന്ന ചടങ്ങില്‍ ബന്ധുക്കളാരും ഇല്ലാതിരുന്നത് സംശയമുണര്‍ത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

വിവാഹത്തിന് ശേഷം ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. മരങ്ങള്‍ മുറിച്ചുവിറ്റതിലൂടെ ലഭിച്ച 10 ലക്ഷം രൂപ ശാഖ അരുണിന് നല്‍കിയിരുന്നു. കാറും വാങ്ങിച്ചുനല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു.

‘അവന്റെ ലക്ഷ്യം ശാഖയുടെ സ്വത്തായിരുന്നു; പിന്മാറാന്‍ ആവശ്യപ്പെട്ടു’

വെള്ളറട: ‘കൂട്ടുകാരിയുടെ ഈ ദുരന്തം സഹിക്കാന്‍ സാധിക്കുന്നില്ല. ഞാന്‍ പല പ്രാവശ്യം അവളോട് ഈ ബന്ധത്തില്‍നിന്നു പിന്തിരിയാന്‍ പറഞ്ഞിരുന്നു. അവള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു’- ശാഖയുടെ കൂട്ടുകാരിയായ പ്രീത വിതുമ്പലോടെ പറഞ്ഞു.

തിരുവനന്തപുരത്ത ഒരു െട്രയിനിങ് സ്ഥലത്തുവച്ചാണ് ശാഖയും പ്രീതയും പരിചയപ്പെടുന്നത്. പിന്നീട് അവര്‍ നല്ല കൂട്ടുകാരികളും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന സഹോദരങ്ങളുമായി. ആശുപത്രിയിലെ പല കാര്യങ്ങള്‍ക്കും സഹായിയായി നിന്ന അരുണ്‍, പതുക്കെപ്പതുക്കെ ശാഖയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചു. ശാഖയുടെ സമ്പത്തിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കിയ ഇയാള്‍, വീട്ടിലെ പരാധീനതകളെല്ലാം ശാഖയോടു പറഞ്ഞ് കൂടുതല്‍ അടുത്തു.

കടം വീട്ടാനും മറ്റുമായി 10 ലക്ഷം രൂപയും 100 പവനും അരുണ്‍ ആവശ്യപ്പെട്ട വിവരം ശാഖ തന്നോടു പറഞ്ഞിരുന്നു. ഇതു കേട്ട് ഈ ബന്ധത്തില്‍നിന്നു പിന്മാറാനും അയാളുടെ ലക്ഷ്യം സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയാണെന്നും ഭര്‍ത്താവ് പാമ്പു കടിപ്പിച്ചു കൊന്ന ഉത്രയെക്കുറിച്ചുമൊക്കെ താന്‍ പറഞ്ഞെങ്കിലും ശാഖ കൂട്ടാക്കിയല്ല. പിന്നീട് കല്യാണം നടന്നെങ്കിലും തനിക്കു പങ്കെടുക്കാന്‍ സാധിച്ചില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം ഫോണില്‍ വിളിച്ചപ്പോഴാണ് അവള്‍ വിവാഹത്തെക്കുറിച്ചുള്ള നിരാശകള്‍ പങ്കുവച്ചത് – പ്രീത കണ്ണീരോടെ പറയുന്നു.

Most Popular