തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പൊന്നുമില്ല. എന്നാൽ രാവിലെ മുതൽത്തന്നെ കനത്ത മഴയാണ് തിരുവനന്തപുരത്ത് പെയ്യുന്നത്.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലുമുണ്ടാകും. മണ്ണിടിച്ചിൽ ശക്തമായതിനാൽ തിരുവനന്തപുരത്ത് ബോണക്കാട് ഭാഗത്തെ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.